മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയില്‍നിന്നു വീട്ടുജോലക്കാരി താഴേയ്ക്കു വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു

കൊച്ചി : മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ വീട്ടുജോലക്കാരി താഴേയ്ക്കു വീണ സംഭവത്തില്‍ പൊലീസ് കേസെടുക്കും. അപകടം നടന്ന് 24 മണിക്കൂറിനു ശേഷമാണ് ജോലിക്കാരിക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുക്കാന്‍ ഒരുങ്ങുന്നത്.

ജോലിക്കാരി കുമാരി അപകടനില തരണം ചെയ്താല്‍ അവരുടെ മൊഴിയെടുത്ത് വേണ്ടിവന്നാല്‍ കേസില്‍ മറ്റു വകുപ്പുകള്‍കൂടി ചേര്‍ക്കും. സേലത്തുള്ള കുമാരിയുടെ ബന്ധുക്കളെയും വിളിച്ചു വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 55 വയസ്സുള്ള കുമാരിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

ഫ്‌ലാറ്റിലെ ആറാം നിലയില്‍ താമസിക്കുന്ന അഡ്വ. ഇംത്യാസ് അലിയുടെ വീട്ടുജോലിക്കാരി കുമാരിയെ താഴെയുള്ള കാര്‍പോര്‍ച്ചിനു മുകളില്‍വീണു പരുക്കേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആറാം നിലയില്‍നിന്നു താഴേക്ക് രണ്ടു സാരികള്‍ കൂട്ടിച്ചേര്‍ത്ത് കെട്ടിയിട്ടതു കണ്ടതോടെയാണ് അപകടത്തില്‍ ദുരൂഹത വര്‍ധിച്ചത്.

ആറാം നിലയുടെ ബാല്‍ക്കണിയില്‍നിന്നു 2 സാരി കൂട്ടിക്കെട്ടി താഴേക്കിട്ട് ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു കരുതുന്നത്. ജോലിക്കാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നു പൊലീസും പറയുന്നു. വീട്ടുജോലിക്കാരി മുകളില്‍നിന്നു ഫ്‌ലാറ്റിന്റെ കാര്‍പോര്‍ച്ചില്‍ വീണതായി താമസക്കാരാണു രാവിലെ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്.

പത്തടിയിലേറെ ഉയരമുള്ള കാര്‍പോര്‍ച്ചിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലേക്കാണു വീണത്. എറണാകുളം ക്ലബ് റോഡിലെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി ഇവരെ ജനറല്‍ ആശുപത്രിയിലേക്കു നീക്കി. പിന്നീട് ലേക്ഷോര്‍ ആശുപത്രിയിലേക്കു മാറ്റി. ഇവരുണ്ടായിരുന്ന മുറി അകത്തു നിന്ന് പൂട്ടിയതായാണു പൊലീസ് കണ്ടെത്തിയതെന്നു സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍ പറഞ്ഞു.

സാരിയില്‍ തൂങ്ങി ഇവര്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതിനു പിന്നിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണു പൊലീസ്. ലോക്ഡൗണിനെത്തുടര്‍ന്നു നാട്ടിലേക്കു പോയ കുമാരി 10 ദിവസം മുന്‍പാണു തിരികെയെത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7