അബുദാബി: അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളില്‍ കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 85 ദിര്‍ഹമാക്കി കുറച്ചു. ഇതുവരെ ഈ ആശുപത്രികളില്‍ 250 ദിര്‍ഹമായിരുന്നു. തുടക്കത്തില്‍ 370 ദിര്‍ഹം ഈടാക്കിയിരുന്നു. ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴിലെ ആശുപത്രികളില്‍ ഫീസ് 150 ദിര്‍ഹമാണ്. 250 ദിര്‍ഹത്തിന് 3 പിസിആര്‍ ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നടത്തുന്നുണ്ട്.
അബുദാബി, അല്‍ഐന്‍, ദുബായ് എന്നിവിടങ്ങളില്‍ ശാഖകളുള്ള മെന ലാബ്‌സിലാണ് ഈ നിരക്ക്. അബുദാബിയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഡേകെയര്‍ സര്‍ജറിയില്‍ 270 ദിര്‍ഹത്തിനാണ് 3 പിസിആര്‍ ടെസ്റ്റു നടത്തുന്നത്. സ്വകാര്യ ക്ലിനിക്കുകളും 3 തവണകളായാണു നിരക്ക് കുറച്ചത്. അബുദാബിയിലേക്കു പ്രവേശിക്കാന്‍ 48 മണിക്കൂറിനകം എടുത്ത പിസിആര്‍/ഡിപിഐ ടെസ്റ്റ് വേണം.
വിവിധ എമിറേറ്റുകളില്‍നിന്ന് അബുദാബി സന്ദര്‍ശിക്കുന്നവരും മറ്റ് എമിറേറ്റുകളില്‍ പോയി തിരിച്ചെത്തുന്നവരും തുടര്‍ച്ചയായി അബുദാബിയില്‍ തങ്ങുകയാണെങ്കില്‍ 4, 8 ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണം. എന്നാല്‍ അബുദാബിയില്‍ എത്തി 3 ദിവസത്തിനകം മടങ്ങുന്നവര്‍ക്കു വേറെ പരിശോധന ആവശ്യമില്ല.