കോഴിക്കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തനിക്ക് വയനാട്ടിൽ ഉണ്ടായ ഒരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ രഞ്ജിത്ത്
കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി ടി.പി രാമകൃഷ്ണിൽ നിന്നാണ് പ്രകടന പത്രിക രഞ്ജിത്ത് ഏറ്റുവാങ്ങിയത്.
വയനാട്ടിലെ എതോ ഉൾനാട്ടിൽ പോയപ്പോൾ താൻ ചായ കുടിക്കാൻ ഒരു കടയിൽ കയറിയെന്നും തിരഞ്ഞെടുപ്പിനെക്കുറിച്ച് ചായക്കടക്കാരനോട് സംസാരിച്ചപ്പോൾ നിലവിലുള്ള സർക്കാറിന്റെ കോവിഡ് കാലത്തെ ഇടപെടലിനെക്കുറിച്ച് അയാൾ പ്രകീർത്തിച്ച് സംസാരിച്ചുവെന്നും രഞ്ജിത്ത് പറഞ്ഞു.
വർഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണിതെന്നും, എൽഡിഎഫ് തന്നെ ഭരണത്തിൽ വരുമെന്നും ചായക്കടക്കാരൻ പറഞ്ഞു. അതല്ല താൻ ഉദ്ദേശിച്ചതെന്നും, അസംബ്ലി ഇലക്ഷൻ എന്താകും എന്നാണ് താൻ ചോദിച്ചതെന്നും പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷൻകടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെൻഷൻ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോൾ കുടിശ്ശികയില്ല സാറെ. എല്ലാം സമയത്ത് തന്നെ- അസംബ്ലി ഇലക്ഷനെക്കുറിച്ച് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്. ഇതും കൂടി മാധ്യമങ്ങൾ കേൾപ്പിക്കണമെന്ന് രഞ്ജിത്ത് പറഞ്ഞു.