സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച് കര്‍ഷകര്‍. ഉപാധികളൊന്നും ഇല്ലാതെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചതെന്നും അതിനാന്‍ പോകാന്‍ തയാറാണെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു

‘മുപ്പത്തഞ്ചോളം സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടും. താങ്ങുവിലയില്‍ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെടും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരും.’ കര്‍ഷക സംഘടനകളുടെ ചര്‍ച്ചയ്ക്കു ശേഷം ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധി ദേശീയ മാധ്യമത്തോട് പറഞ്ഞു. നേരത്തെ അഞ്ചൂറോളം സംഘടനകള്‍ ഉള്ളതില്‍ 32 എണ്ണത്തെ മാത്രമേ ചര്‍ച്ചയ്ക്കു ക്ഷണിച്ചുള്ളൂ എന്ന് പറഞ്ഞ് ചര്‍ച്ച ബഹിഷ്‌കരിച്ചിരുന്നു.

കര്‍ഷക സമരത്തില്‍ കേന്ദ്രത്തിനുമുന്നില്‍ ഉപാധിവച്ച് സംയുക്തസമരസമിതി മുന്നോട്ട് വന്നിരുന്നു. മറ്റു സംഘടനകളിലെയും പ്രതിനിധികളെ പങ്കെടുപ്പിക്കാമെന്നു സര്‍ക്കാര്‍ സൂചന നല്‍കിയതിനെത്തുടര്‍ന്നാണ് ചര്‍ച്ചയ്ക്കായി ഡല്‍ഹി വിഗ്യാന്‍ ഭവനിലേക്കു വരാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. എല്ലാ സംഘടനാ നേതാക്കളെയും യോഗത്തില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കാനാണ് തീരുമാനം.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് മൂന്നിനാകും ചര്‍ച്ച നടക്കുക. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ പുതിയ കാര്‍ഷിക നിയമങ്ങളെ കുറിച്ച് കര്‍ഷകരെ ബോധ്യപ്പെടുത്താനാകും സര്‍ക്കാര്‍ ശ്രമിക്കുകയെന്നാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular