കൊല്ലം: കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച് പ്രചാരണം തുടങ്ങിയ സ്ഥാനാര്‍ത്ഥി ഇരുട്ടിവെളുത്തപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിന്ന് പ്രചാരണം തുടങ്ങിയ ശ്രീജ ചന്ദ്രനാണ് ഇരുട്ടി വെളുത്തപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് അവരുടെ സ്ഥാനാര്‍ത്ഥിയായത്.
താമരക്കുളം ഡിവിഷനില്‍ മൂന്ന് പേരാണ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്. ഇത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. മൂന്ന് പേരും ഓരോ നേതാക്കളുടെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എ.കെ ഹഫീസിന്‍െ്റ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ശ്രീജ ചന്ദ്രന്‍ എത്തിയത്. നയന ഗംഗ, അനിത എന്നിവരാണ് മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.
അനുനയ നീക്കം പാളിയതോടെ മുന്ന് പേരും കൈപ്പത്തിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പ്രചാരണം തുടങ്ങി. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആണ്ടാമുക്കം റിയാസ് എന്നിവര്‍ മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളോടും പിന്‍മാറാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇരുവരും അതിന് തയ്യാറായില്ല. ഇവര്‍ നിലപാടിലുറച്ചു നിന്നതോടെ ഡി.സി.സി നേതൃത്വം നയന ഗംഗയെ സ്ഥാനാര്‍ത്ഥിയാക്കി.
ഇതോടെ പ്രചാരണത്തില്‍ ഏറെ മുന്നില്‍ പോയ ശ്രീജ മറുകണ്ടം ചാടി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. ഇതോടെ ചിഹ്നം കൈപ്പത്തി മാറി താമരയായെന്ന് വോട്ടര്‍മാരെ അറിയിക്കാന്‍ വീടുകള്‍ കയറിയിറങ്ങുകയാണ് ശ്രീജ. സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലേക്ക് പോയെന്നും പുതിയ സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താനുമുള്ള തന്ത്രപ്പാടിലാണ് കോണ്‍ഗ്രസ്.