കാഞ്ഞിരംകുളം: കോവിഡ് ബാധിച്ചു ഭാര്യ മരിക്കാനിടയായതു ചികിത്സ ലഭിക്കാത്തതു കൊണ്ടാണെന്നും ഇതു സംബന്ധിച്ചുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്നും കാട്ടി ഭർത്താവ് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. നെല്ലിമൂട് കൈവൻവിള പൊറ്റമണപ്പഴഞ്ഞി ജോബിൻ നിവാസിൽ സിവിൽ പൊലീസ് ഓഫിസർ എസ്. വിനുവിന്റെ ഭാര്യ എസ്. ബ്രിജി (38) ആണു മരിച്ചത്. സെപ്റ്റംബർ 19ന് ആയിരുന്നു മരണം.
പാറശാല സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ആംബുലൻസിൽ കയറ്റാനും ഒരു മണിക്കൂറിലധികം വൈകി. ഇക്കാര്യത്തിൽ ആംബുലൻസ് ഡ്രൈവർ സാക്ഷിയാണ്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും ഡോക്ടർമാരുടെ ശ്രദ്ധ ലഭിച്ചില്ല. കായികാധ്യാപികയായിരുന്ന തന്റെ ഭാര്യയ്ക്ക് കാര്യമായ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് മേധാവി തുടങ്ങിയവർക്കു നൽകിയ പരാതിയിലുണ്ട്.