ഐപിഎൽ സമ്പൂർണ പ്ലേഓഫ് ചിത്രം ഇങ്ങനെ

ഷാർജ : അവസാന ഗ്രൂപ്പ് മത്സരം വരെ നീണ്ട ആശങ്കയ്ക്കും ആകാംക്ഷയ്ക്കും വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13 ാം സീസൺ പ്ലേഓഫ് പട്ടിക പൂർണം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് അവസാന നാലിൽ ഇടംപിടിച്ചത്. മുംബൈ അനായാസം പ്ലേഓഫ് ഉറപ്പിച്ചപ്പോൾ അവസാന മത്സരങ്ങളിലെ ജയവും കണക്കിലെ ആനുകൂല്യവുമാണ് മറ്റു ടീമുകളുടെ പ്ലേഓഫ് സ്വപ്നം യാഥാർഥ്യമാക്കിയത്. പരീക്ഷണ ടീമുമായി ഇറങ്ങിയ മുംബൈയ്‌ക്കെതിരെ 10 വിക്കറ്റിന് ജയിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ്, ബാംഗ്ലൂരിനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി.

പോയിന്റ് നിലയിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസ്, രണ്ടാം സ്ഥാനക്കാരായ ഡൽഹി ക്യാപിറ്റൽസുമായി ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടും. 5ന് ദുബായിലാണ് മത്സരം. ഗ്രൂപ്പ് മത്സരങ്ങളിൽ ഇരുടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും മുംബൈയ്ക്കായിരുന്നു ജയം. ആദ്യ മത്സരത്തിൽ 5 വിക്കറ്റിനു ജയിച്ച മുംബൈ, രണ്ടാം തവണ 9 വിക്കറ്റിനാണ് ഡൽഹിയെ തകർത്തത്.

ആറിന് അബുദാബിയിൽ നടക്കുന്ന എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് പോരാട്ടം. ഗ്രൂപ്പ് മത്സരങ്ങളിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ബാംഗ്ലൂർ 10 വിക്കറ്റിനു ജയിച്ചു. രണ്ടാം മത്സരത്തിൽ ഹൈദരാബാദ് 5 വിക്കറ്റിന് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി.

ആദ്യ ക്വാളിഫയറിൽ പരാജയപ്പെടുന്ന ടീമും എലിമിനേറ്ററിലെ വിജയിയും തമ്മിൽ 8 ന് അബുദാബിയിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ മുഖാമുഖമെത്തും. തുടർന്ന് 10 ന് ദുബായിൽ ആദ്യ ക്വാളിഫയറിലെ വിജയി രണ്ടാം ക്വാളിഫയറിലെ വിജയിയുമായി ഫൈനലിൽ ഏറ്റുമുട്ടും.

മുംബൈ ഇന്ത്യൻസ് നാലു തവണ (2013, 2015, 2017, 2019) ഐപിഎൽ ജേതാക്കളായിട്ടുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദ് 2016 ലെ ജേതാക്കളാണ്. ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഇതുവരെ ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടില്ല.

2008 മുതൽ 2019 വരെ വർഷങ്ങളിൽ, പങ്കെടുത്ത എല്ലാ സീസണുകളിലും പ്ലേഓഫ് കളിച്ച ചെന്നൈ സൂപ്പർ കിങ്സ്, ഇത്തവണ പ്ലേഓഫ് കാണാതെ (ഏഴാം സ്ഥാനം) പുറത്തായെന്നതാണ് 13–ാം സീസണിന്റെ പ്രത്യേകത. 2016, 2017 വർഷങ്ങളിൽ ചെന്നൈ ഐപിഎലിൽ പങ്കെടുത്തിരുന്നില്ല.

pathram desk 1:
Related Post
Leave a Comment