മറ്റൊരു ആഗോള ലോക്ഡൗണ്‍ ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ അടുത്ത തരംഗത്തിന് സാധ്യതയേറിയിരിക്കേ മറ്റൊരു ആഗോള ലോക്ഡൗണ്‍ തടയുന്നതിന് അടിയന്തിര കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു നിര്‍ണായക സന്ധിയിലാണ് ലോകമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രെയേസുസ് പറഞ്ഞു.

വരും മാസങ്ങള്‍ കഠിനമായിരിക്കുമെന്നും ചില രാജ്യങ്ങള്‍ അപകടകരമായ പാതയിലാണെന്നും തെദ്രോസ് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ മരണങ്ങളും, സ്‌കൂളുകളുടെ അടച്ചിടലും ലോക്ഡൗണും ഒഴിവാക്കാന്‍ ലോകനേതാക്കള്‍ ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിക്കണമെന്നും തെദ്രോസ് ആവശ്യപ്പെട്ടു.

അതേ സമയം കോറോണ വൈറസിന്റെ മൃഗങ്ങളിലെ ഉറവിടം കണ്ടെത്താനായി ഒരു രാജ്യാന്തര ദൗത്യത്തിനു തുടക്കം കുറിക്കാനുള്ള ശ്രമത്തിലാണ് ഡബ്യുഎച്ച്ഒയുടെ ഹെല്‍ത്ത് എമര്‍ജെന്‍സീസ് പ്രോഗ്രം. കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ നിന്ന് തന്നെ പഠനമാരംഭിക്കുമെന്ന് ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം ടെക്‌നിക്കല്‍ ഹെഡ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ കോവിഡ് ആഞ്ഞടിച്ച സ്‌പെയിന്‍ പോലെയുള്ള രാജ്യങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഓഗസ്റ്റ് അവസാനം വീണ്ടും കേസുകളുടെ എണ്ണം ഉയര്‍ന്നിരുന്നു. ഫ്രാന്‍സിലും സമാനമായ അവസ്ഥയുണ്ട്. ഈ മാസം തന്നെ യൂറോപ്പില്‍ മാത്രം കേസുകളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായതായി ലോകാരോഗ്യ സംഘടന പറയുന്നു. യൂറോപ്പിലെ മരണസംഖ്യയും ഉയരുന്നുണ്ട്.

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം നിലവില്‍ ഏഴ് ലക്ഷത്തില്‍ താഴെയാണെങ്കിലും ഉത്സവകാലത്തിനു ശേഷം അത് വീണ്ടും ഉയരുമോ എന്ന ആശങ്കയുണ്ട്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതും വ്യാപനം വര്‍ധിപ്പിക്കുമോ എന്ന ഭീതിയുണ്ട്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ലോകനേതാക്കളോടുള്ള മുന്നറിയിപ്പ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7