കൊല്ലപ്പെട്ട വൈശാഖ് (ഇടത്) ദിനൂപ്
മലപ്പുറം: താനൂരില്‍ ബേപ്പൂര്‍ സ്വദേശിയായ യുവാവ് ക്രൂര മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയെ കുരുക്കിയത് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുള്ള പഴുതടച്ചുള്ള അന്വേഷണം. ജോലിക്കാര്യത്തില്‍ വൈശാഖ് കൂടുതല്‍ കഴിവു തെളിയിക്കുന്നുവെന്ന തോന്നലാണ് വൈശാഖിനെ കൊന്നു തള്ളാന്‍ സഹപ്രവര്‍ത്തകനായ ദിനൂപിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് താനൂരിലെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തി. വൈശാഖിന്റെ തലയ്ക്കു പിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുള്ള അടിയേറ്റതിനാലാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു.
തിയറ്ററില്‍ ആശാരിപ്പണിക്കായാണ് ഒരു വര്‍ഷം ബേപ്പൂര്‍ സ്വദേശി വൈശാഖും പാലക്കാട് സ്വദേശി ദിനൂപും താനൂരില്‍ എത്തിയത്. ലോക്ഡൗണിനു മുന്‍പ് തന്നെ അടഞ്ഞു കിടന്നിരുന്ന തിയറ്ററില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
വൈശാഖിനെ കാണാനില്ലെന്നു പൊലീസിനെ അറിയിച്ചത് ദിനൂപായിരുന്നു. തിരച്ചില്‍ നടക്കുന്നതിനിടെ സമീപത്തെ കുളത്തില്‍ വീഴാനുള്ള സാധ്യതയും ദിനൂപ് പൊലീസുമായി പങ്കുവച്ചിരുന്നു. ഈ സൂചനയനുസരിച്ച് നടത്തിയ പരിശോധനയിലാണ് വൈശാഖിന്റെ മൃതദേഹം കണ്ടെടുത്തത്. ശരീരത്തില്‍ കാര്യമായി പരുക്കുകളൊന്നും ഇല്ലാതിരുന്നതോടെ സാധാരണ രീതിയിലായിരുന്നു പൊലീസ് നടപടികള്‍.
പക്ഷെ മണിക്കൂറുകള്‍ കഴിഞ്ഞതോടെ പൊലീസിനു സംശയം തുടങ്ങി. ഇന്‍ക്വസ്റ്റിലും മൃതദേഹം പരിശോധനയിലും ശരീരത്തിലെ ചെറിയ പരുക്കുകള്‍ കണ്ടെത്തി. അതോടെ ആരുമറിയാതെ ആ വഴിയിലായി പൊലീസ് അന്വേഷണം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെള്ളം ഉള്ളില്‍ ചെന്നല്ല മരണമെന്നു തെളിഞ്ഞു. അതോടെ മരണം വെള്ളത്തില്‍ മുങ്ങിയല്ലെന്നും പൊലീസ് ഉറപ്പിച്ചു. വൈശാഖിന്റെ കൂടെയുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വൈശാഖിനെ കൊലപ്പെടുത്തി കുളത്തില്‍ തള്ളിയതാണെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അന്വേഷണം
തുടക്കം മുതല്‍ അന്വേഷണം കേന്ദ്രീകരിച്ചത് കൂടെയുണ്ടായിരുന്ന ദിനൂപിലേക്കായിരുന്നു. രാത്രി ഇവര്‍ കൂട്ടായിരുന്നു മദ്യപിച്ചതായി മൊഴി ലഭിച്ചിരുന്നു. മദ്യപാനത്തിനു ശേഷം എല്ലാവരും പിരിഞ്ഞു പോയെന്നായിരുന്നു ദിനൂപിന്റെ മൊഴി. പക്ഷെ ദിനൂപിന്റെ മൊഴികളില്‍ പലപ്പോഴും സംശയം കുടുങ്ങി. കുളത്തില്‍ നിന്നു ജഡം പുറത്തെടുക്കാനും ആശുപത്രിയില്‍ പോകാനും പൊലീസിനൊപ്പം ദിനൂപ് നിന്നു. അതുകൊണ്ട് തന്നെ ആരും തന്നെ സംശയിക്കില്ലെന്ന് ദിനൂപിന് ഉറപ്പുണ്ടായിരുന്നു.
തലേദിവസം രാത്രി കൂടെയുണ്ടായിരുന്ന നാലുപേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. രണ്ടുപേരുടേയും മൊഴികളില്‍ വൈരുധ്യമൊന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ദിനൂപിന്റെ മൊഴി പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. ഒടുവില്‍ പൊലീസ് ദിനൂപാണ് കൊലയാളിയെന്ന് ഉറപ്പിച്ചു. അറസ്റ്റിലേക്കു നീങ്ങുമെന്നുറപ്പായതോടെ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് തെളിവെടുത്തു. മദ്യപാനത്തിനിടെ നടന്ന കാര്യങ്ങളെല്ലാം പ്രതി വിശദീകരിച്ചു. കൊലയുടെ ആസൂത്രണവും ചുരുളഴിഞ്ഞു.
വൈശാഖിന്റെ കൊലപാതകത്തില്‍ പ്രതി നടത്തിയത് ആഴ്ചകള്‍ നീണ്ട ആസൂത്രണമാണ്. സ്വയം പിടിക്കപ്പെടാതിരിക്കാനും പ്രതി നടത്തിയ മുന്നൊരുക്കങ്ങള്‍ പലപ്പോഴും പ്രതിയിലേക്കു തന്നെ അന്വേഷണസംഘത്തെ എത്തിച്ചു. കൊല നടന്ന ദിവസം രാത്രി വൈശാഖും ദിനൂപും ഒന്നിച്ചിരുന്നു മദ്യപിച്ചു. മദ്യ ലഹരിയിലായിരുന്ന വൈശാഖിനെ കീഴ്‌പ്പെടുത്തുക എളുപ്പമാണെന്നു പ്രതി ഉറപ്പിച്ചിരുന്നു. കാലങ്ങളായി മനസില്‍ നീറിപുകഞ്ഞ പക പ്രതികാരാഗ്‌നിയായി പുറത്തുവന്നു. തെളിവുകള്‍ നശിപ്പിച്ചെന്നു ഉറപ്പിച്ച് ആശ്വസിച്ച ദിനൂപിലേക്ക് പൊലീസ് എത്തുമെന്ന് ഒരിക്കലും പ്രതി കരുതിയിരുന്നില്ല.
വൈശാഖിനെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ ജോലിസ്ഥലത്തും, വൈശാഖ് പോകാനിടയുള്ളടുത്തെല്ലാം തിരക്കി. പക്ഷെ ഒരു തുമ്പും ലഭിച്ചില്ല. മാസങ്ങളുടെ ആസൂത്രണത്തിനൊടുവില്‍ നടത്തിയ കൊലപാതകത്തില്‍ ഒരുതെളിവും ഉണ്ടാകില്ലെന്നു പ്രതി ഉറപ്പിച്ചിരുന്നു. എന്നാല്‍ ദിനൂപിന്റെ വായില്‍ നിന്ന് ആ സത്യം പുറത്തുവന്നു. വൈശാഖിനെ മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനാകാഞ്ഞതോടെ കുളത്തില്‍ വീണിട്ടുണ്ടാകാമെന്നു ദിനൂപ് പൊലീസിനോട് അറിയാതെ പറഞ്ഞു.
വൈശാഖിന്റെ തലയ്ക്കു പിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുള്ള അടിയേറ്റതിനാലാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ശരീരത്തിനു പുറത്ത് മറ്റ് പരുക്കുകളില്ലെങ്കിലും ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കുകളും കണ്ടെത്തി. വൈശാഖിന്റെ ശ്വാസനാളം പൊട്ടിയിരുന്നു. തൈറോയ്ഡ് ഗ്രന്ഥികള്‍ തകര്‍ന്നു. അന്നനാളം കീറുകയും തൊണ്ടക്കുഴി നുറുങ്ങുകയും ചെയ്തു.
പരിസരപ്രദേശങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കാത്തതും കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും തുടരന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. ഇതോടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരണമായി പൊലീസിന്റെ ദൗത്യം. മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുക്കുന്നതിലും ആശുപത്രിയിലെത്തിക്കുന്നതിലും പ്രതി തന്നെയായിരുന്നു മുന്നില്‍. വൈശാഖിന്റെ ചിത കത്തുന്നതും നോക്കി നിന്നു ദിനൂപ്. മകന്റെ ദാരുണാന്ത്യത്തില്‍ വിഷമിച്ചിരുന്ന കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മരണ വീട്ടിലും പ്രതിയുമുണ്ടായിരുന്നു