വെടിക്കെട്ട് ബാറ്റിംഗുമായി ഹാര്‍ദിക് പാണ്ഡ്യ; രാജസ്ഥാന് 196 റണ്‍സ് വിജയലക്ഷ്യം

അബുദാബി: ഐ.പി.എല്ലിൽ ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ രാജസ്ഥാൻ റോയൽസിന് 196 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു.

വെറും 21 പന്തിൽ നിന്ന് ഏഴു സിക്സും രണ്ടു ഫോറുമടക്കം 60 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് മുംബൈ സ്കോർ 195-ൽ എത്തിച്ചത്. അങ്കിത് രജ്പുത്തിന്റെ ഒരു ഓവറിൽ നാലു സിക്സടക്കം 27 റൺസ് അടിച്ചുകൂട്ടിയ ഹാർദിക് കാർത്തിക് ത്യാഗിയുടെ അവസാന ഓവറിലും 27 റൺസെടുത്തു.

ജോഫ്ര ആർച്ചറുടെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ക്വിന്റൺ ഡിക്കോക്കിനെ (6) നഷ്ടമായെങ്കിലും ഇഷാൻ കിഷനും സൂര്യകുമാർ യാദവും ചേർന്ന് മുംബൈക്കായി പവർപ്ലേയിൽ 59 റൺസ് അടിച്ചുകൂട്ടി. രണ്ടാം വിക്കറ്റിൽ 83 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

36 പന്തിൽ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 37 റൺസെടുത്ത ഇഷാൻ കിഷനെ പുറത്താക്കി കാർത്തിക് ത്യാഗിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ജോഫ്ര ആർച്ചറുടെ തകർപ്പൻ ക്യാച്ചിലാണ് കിഷൻ പുറത്തായത്.

13-ാം ഓവറിൽ സൂര്യകുമാർ യാദവിനെയും കിറോൺ പൊള്ളാർഡിനെയും (6) പുറത്താക്കിയ ശ്രേയസ് ഗോപാലാണ് മധ്യ ഓവറുകളിൽ മുംബൈയുടെ റണ്ണൊഴുക്ക് തടഞ്ഞത്. 26 പന്തിൽ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 40 റൺസെടുത്താണ് സൂര്യകുമാർ യാദവ് പുറത്തായത്.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ഹാർദിക് – സൗരഭ് തിവാരി സഖ്യം 64 റൺസ് മുംബൈ സ്കോറിലേക്ക് ചേർത്തു. 25 പന്തിൽ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 34 റൺസെടുത്ത സൗരഭ് തിവാരി പുറത്തായ ശേഷമായിരുന്നു ഹാർദിക്കിന്റെ വെടിക്കെട്ട്.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പേശീവലിവ് അലട്ടുന്ന രോഹിത് ശർമ കളിക്കുന്നില്ല. കിറോൺ പൊള്ളാർഡാണ് ഇത്തവണയും ടീമിനെ നയിക്കുന്നത്. നഥാൻ കോൾട്ടർ-നെയ്ലിന് പകരം മുംബൈ ടീമിൽ ജെയിംസ് പാറ്റിൻസൺ ഇടംനേടി. രാജസ്ഥാൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.

pathram desk 1:
Related Post
Leave a Comment