‘കഷ്ടകാലം’ അവസാനിക്കാതെ ചെന്നൈ ക്യാംപ്: ഇനി കളിക്കില്ല, അദ്ദേഹം നാട്ടിലേക്ക് മടങ്ങും

അബുദാബി: ഈ സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ‘കഷ്ടകാലം’ അവസാനിക്കുന്നില്ല. ടീമിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണെന്നിരിക്കെ മറ്റൊരു പ്രഹരം കൂടി ടീമിനെ തേടിയെത്തിയിരിക്കുകയാണ്. സൂപ്പർ താരം ‍ഡ്വെയ്‌ൻ ബ്രാവോ പരുക്കുമൂലം ഇനിയുള്ള മത്സരങ്ങൾ കളിക്കില്ലെന്നാണ് ചെന്നൈ ക്യാംപിൽനിന്നു വരുന്ന വാർത്ത. വിൻ‍ഡീസ് താരം ഉടൻതന്നെ യുഎഇയിൽനിന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.

ശനിയാഴ്ച, ഷാർജയിൽ ഡൽഹിക്കെതിരെ നടന്ന മത്സരത്തിനിടെയാണ് ബ്രാവോയ്ക്ക് വലതു കാലിനു പരുക്കേറ്റത്. ഇതിനെത്തുടർന്ന് ബ്രാവോയ്ക്ക് അവസാന ഓവർ പന്തെറിയാനും സാധിച്ചിരുന്നില്ല. പകരം ബോൾ ചെയ്ത രവീന്ദ്ര ജഡേജയുടെ ഓവറിൽ അക്സർ പട്ടേൽ മൂന്നു സിക്സടിച്ചാണ് ഡൽഹിയെ വിജയിപ്പിച്ചത്. ഈ സീസണിൽ ആറ് മത്സരങ്ങൾ കളിച്ച ബ്രാവോ ആറ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ഐപിഎല്ലിൽ മൂന്നു തവണ ചാംപ്യന്മാരായ ചെന്നൈയ്ക്ക് ഈ വർഷം തുടക്കം മുതൽ തന്നെ തിരിച്ചടികളായിരുന്നു. മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപുതന്നെ ടീമിലെ നിരവധി അംഗങ്ങൾക്കും സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ സ്റ്റാർ ബാറ്റ്സ്മാൻ സുരേഷ് റെയ്നയും സ്പിന്നർ ഹർഭജൻ സിങ്ങും യുഎഇയിൽനിന്ന് മടങ്ങുകയും ചെയ്തു. ഇരുവരുമായുള്ള കരാർ ചെന്നൈ അവസാനിപ്പിച്ചതായാണ് റിപ്പോർട്ട്.

റെയ്‌നയും ഹർഭജനും ചെന്നൈയുടെ സുപ്രധാന താരങ്ങൾ ആണെന്നതിൽ സംശയമില്ലെന്ന് ടീം സിഇഒ കാശി വിശ്വനാഥ് പറഞ്ഞു. എന്നാൽ വ്യക്തിപരമായ തീരുമാനങ്ങളെ മാനിക്കണം. സീനിയർ താരമാണെങ്കിലും ജൂനിയർ താരമാണെങ്കിലും അങ്ങനെതന്നെയാണ് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മുംബൈ ഇന്ത്യൻസിനെതിരെ ഷാർജയിലാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ വിജയിച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment