തിരുവനന്തപുരം• വിവാദ യുട്യൂബര്‍ വിജയ് പി.നായര്‍ക്ക് സിജെഎം കോടതി ജാമ്യം അനുവദിച്ചു. യുട്യൂബ് ചാനൽ വഴി സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോ പോസ്റ്റ് ചെയ്തതിനു ഐടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോട് അപമര്യാദയായി പെരുമാറുകയും കയ്യിൽ പിടിച്ചു തിരിക്കുകയും ചെയ്തുവെന്ന പരാതിയിൽ തമ്പാനൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെ ജയിലിൽനിന്നു പുറത്തിറങ്ങാം. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നു താക്കീതു നല്‍കി ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. രണ്ടുപേരുടെ ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ എല്ലാ ആഴ്‌ചയും ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അശ്ലീലവും അപകീർത്തികരവുമായ വിഡിയോ പോസ്റ്റു ചെയ്തതിനെത്തുടർന്നാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വിജയ് പി.നായരെ കയ്യേറ്റം ചെയ്തത്. ഇയാള്‍ താമസിക്കുന്ന ലോഡ്ജിലെത്തിയായിരുന്നു സംഘം നേരിട്ടത്. വിജയ് പി.നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മി, ദിയസന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. രണ്ടാം അഡിഷനൽ സെക്ഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.