സങ്കികള്‍ മങ്കികള്‍..!!! ഖുശ്ബുവിന്റെ ട്വീറ്റ് വൈറല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ചലച്ചിത്രതാരം ഖുശ്ബുവിന്റെ പഴയ ട്വീറ്റുകള്‍ വീണ്ടും വൈറല്‍. 2019 ഒക്ടോബറില്‍ പോസ്റ്റു ചെയ്ത ആറാം ഇന്ദ്രിയം ഇല്ലാത്ത മങ്കികളെ പോലെയാണ് സങ്കികള്‍ എന്ന ട്വീറ്റും ബി.ജെ.പി. നട്ടെല്ലില്ലാത്ത ഭീരുക്കളുടെ പാര്‍ട്ടിയാണെന്നുള്ള ട്വീറ്റും ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുമ്പോള്‍ ആളില്ലാത്ത ഭാഗത്തേക്ക് നോക്കി കൈവീശുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചുള്ള ട്വീറ്റ്… തുടങ്ങി ഖുശ്ബു മുന്‍പ് ബി.ജെ.പിയെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റുകളെല്ലാം ഇപ്പോള്‍ വൈറലാണ്.

പഞ്ചാബിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇസ്ലാം മതത്തില്‍പെട്ടവര്‍ ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രം സഹിതം ഇതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ നിറം എന്ന അടിക്കുറിപ്പോടെ ഒക്ട്ബര്‍ അഞ്ചിന് പോസ്റ്റ് ചെയ്ത ട്വീറ്റും വൈറലായവയില്‍ ഉള്‍പ്പെടും.

ഖുശ്ബുവിന്റെ ബി.ജെ.പി. പ്രവേശനത്തോടെ ബി.ജെ.പിക്ക് എതിരെയുള്ള നടിയുടെ രൂക്ഷവിമര്‍ശനങ്ങളെല്ലാം കുത്തിപ്പൊക്കല്‍ നേരിട്ടതോടെയാണ് വീണ്ടും വൈറലായത്. ഖുശ്ബുവിന്റെ പഴയ ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം പറന്നുനടക്കുകയാണിപ്പോള്‍.

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഖുശ്ബു സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി പാര്‍ട്ടി വിട്ടത്.

അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നേപ്പോലുള്ളവര്‍ തഴയപ്പെടുന്നെന്നും അവര്‍ രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പിന്നാലെ ഡല്‍ഹിയിലെത്തി ബി.ജെ.പി. ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖുശ്ബു ബി.ജെ.പിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സി.ടി. രവിയില്‍നിന്നാണ് അവര്‍ അംഗത്വമെടുത്തത്.

pathram:
Related Post
Leave a Comment