തിരുവനന്തപുരം : യൂട്യൂബ് ചാനലിൽ അപകീർത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി.നായരെ ‘കൈകാര്യം’ ചെയ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കു മുൻകൂർ ജാമ്യമില്ല. ജാമ്യാപേക്ഷ അഡിഷനൽ.സെഷൻസ് കോടതി രൂക്ഷ വിമർശനത്തോടെ തള്ളി. ഇതോടെ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ അറസ്റ്റും റിമാൻഡും ഒഴിവാക്കാൻ മറ്റ് മാർഗമില്ലന്നാണു പൊലീസിന്‍റെ വിലയിരുത്തൽ. എന്നാൽ ക്രിമിനലുകളല്ലന്നും സ്ത്രീകളാണന്നുമുള്ള പരിഗണനയോടെ തുടർ നടപടി സ്വീകരിക്കാനാണ് നിർദേശം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ തമ്പാനൂർ പൊലീസ് മൂവരുടെയും വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടത്താനായിട്ടില്ല.
സംസ്കാരമുള്ള പ്രവൃത്തിയല്ല ചെയ്തതെന്നും നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സമാധാനവും നിയമവും കാത്തു സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇവർക്കു ജാമ്യം നൽകുന്നതു നിയമം കയ്യിലെടുക്കാൻ പ്രേരണയാകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണു കോടതി വിധി.
കഴിഞ്ഞ 26ന് ആണ് ഇവർ വിജയ് പി.നായർ താമസിച്ചിരുന്ന സ്റ്റാച്യുവിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി കരി ഓയിൽ ഒഴിക്കുകയും മർദിക്കുകയും ചൊറിയണം പ്രയോഗിക്കുകയും ചെയ്തത്. ലാപ്ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും ചെയ്തു.
താമസ സ്ഥലത്ത് അതിക്രമിച്ചു കയറി, സാധനങ്ങൾ മോഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണു തമ്പാനൂർ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ഇവരുടെ പരാതിയിൽ വിജയ്ക്കെതിരെയും കേസ് എടുത്തെങ്കിലും ഇയാൾക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വിജയ് നായർക്കെതിരെ പല പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു തങ്ങൾ നേരിട്ടു കൈകാര്യം ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വാദം. സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം.