മുംബൈ : നടൻ അക്ഷത് ഉത്കർഷിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് ബിഹാറിലെ കുടുംബം പൊലീസിൽ പരാതി നൽകി. ഇതോടെ വീണ്ടുമൊരു ‘സുശാന്ത് മോഡൽ’ കേസിലേക്കു വഴി തുറന്നു. അക്ഷതിന്റെ മരണത്തിൽ കൂടെ താമസിച്ചിരുന്ന ശിഖ രാജ്പുത്, സൊസൈറ്റി സെക്രട്ടറി കിഷോർ ഠാക്കുർ, അക്ഷതിന്റെ അമ്മാവൻ വിക്രാന്ത് കിഷോർ എന്നിവർക്കു പങ്കുണ്ടെന്നാണു കുടുംബം ആരോപിക്കുന്നത്. മുംബൈ പൊലീസിൽ വിശ്വാസമില്ലെന്നും ഇവർ പറയുന്നു.
അന്ധേരി വെസ്റ്റിലെ വാടക ഫ്ലാറ്റിൽ ഞായറാഴ്ച രാത്രിയിലാണ് അക്ഷതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചില ടിവി സീരിയൽ, പരസ്യം എന്നിവയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള അക്ഷത്, അടുത്തിടെ ‘ലിറ്റി-ചോഖാ’ എന്നൊരു ഭോജ്പുരി സിനിമയിൽ കരാറൊപ്പിട്ടിരുന്നു. അക്ഷതിന്റെ ഒപ്പം താമസിച്ചിരുന്ന വനിതാ സുഹൃത്താണു മൃതദേഹം കണ്ടെത്തിയത്.
നടൻ വിഷാദരോഗിയായിരുന്നെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തൽ ബിഹാർ മുസഫർപുരിലുള്ള കുടുംബം വിശ്വസിക്കുന്നില്ല. നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ബിഹാർ പൊലീസ് മുംബൈയിലെത്തി അന്വേഷണം നടത്തിയിരുന്നു. സുശാന്തിന്റെ പിതാവ് കെ.കെ.സിങ് ബിഹാർ പൊലീസിനു നൽകിയ പരാതിയെ തുടർന്നായിരുന്നു ഇത്. ഇപ്പോൾ കേസ് സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളാണ് അന്വേഷിക്കുന്നത്.