വയലിനിസ്റ്റ് ബാലഭാസ്കർ ഓർമ്മയായിട്ട് ഇന്ന് രണ്ടു വർഷം പൂർത്തിയാകുന്നു. 2018 ഒക്ടോബർ രണ്ടിനാണ് ബാലഭാസ്കർ കുടുംബസമേതം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അദ്ദേഹവും മകളും മരണത്തിനു കീഴടങ്ങിയത്. മറക്കാനാകാത്ത ആ മാന്ത്രിക നാദം നിലച്ചത് ഇന്നും മലയാളികളെ അലട്ടിക്കൊണ്ടേയിരിക്കുന്നു. ബാലുവിന്റെ മരണത്തോടെ അദ്ദേഹം പടുത്തുയർത്തിക്കൊണ്ടുവന്ന മ്യൂസിക് ബാൻഡായ ബിഗ് ബാൻഡ് അനാഥമായി . ബാലുവിന്റെ സ്വപ്നമായ ബിഗ് ബാൻഡ് അദ്ദേഹത്തിന്റെ ബാൻഡിലെ അംഗങ്ങൾ പുനരുജ്ജീവിപ്പിച്ചു. സംഗീത പരിപാടികളും ചാരിറ്റി പ്രവർത്തനങ്ങളുമായി ബാൻഡ് ഇപ്പോൾ സജീവമാണ്. അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ ‘ബാലാഞ്ജലി’ എന്ന പേരിൽ ഒരു മണിക്കൂർ ഫേസ്ബുക് ലൈവ് പ്രോഗ്രാം ചെയ്യാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബാൻഡ് അംഗങ്ങളായ പാച്ചുവും വില്യമും ബാലുവും പറയുന്നു.
ഏകദേശം ഒരു പതിനഞ്ചു വർഷങ്ങൾക്ക് മുൻപാണ് ഞാൻ ബാലഭാസ്കറെ പരിചയപ്പെട്ടത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരു പുസ്തകോത്സവത്തിന് ഇഷാൻ ദേവിന്റെ ഒരു ഗസൽ പ്രോഗ്രാം ഉണ്ടായിരുന്നു. ആ പ്രോഗ്രാമിൽ ഞാനാണ് തബല വായിച്ചത്. ആ പ്രോഗ്രാം കാണാൻ ബാലുച്ചേട്ടൻ വന്നിരുന്നു. അന്ന് ഷാൻ ആണ് എന്നെ ബാലുച്ചേട്ടൻ പരിചയപ്പെടുത്തിയത്. ബാലുച്ചേട്ടൻ എന്റടുത്തു വന്നു നന്നായിരുന്നു, നീ ഒരു കാര്യം ചെയ്യൂ ഞങ്ങളുടെ കൺഫ്യൂഷൻ എന്ന ബാൻഡിലെ വർക്ക് ചെയ്യാൻ വരൂ എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ ജനറൽ ഹോസ്പിറ്റലിന്റെ താഴെ ഒരു വാടക റൂമിൽ പ്രാക്റ്റീസ് തുടങ്ങി.
കൊച്ചിയിൽ വനിതാ ഐസ് എന്ന പരിപാടിയിൽ ആദ്യമായി അദ്ദേഹത്തോടൊപ്പം പരിപാടി അവതരിപ്പിച്ചു. കൺഫ്യൂഷൻ ബാൻഡിന്റെ ഇരുപതോളം പരിപാടികളിൽ ഞാൻ ബാലുച്ചേട്ടനോടൊപ്പം പങ്കെടുത്തു. കേരളത്തിലെ ആദ്യത്തെ കോളജ് ബാൻഡായിരുന്നു കൺഫ്യൂഷൻ. കൺഫ്യൂഷൻ ബാൻഡ് നിർത്തിയതിനുശേഷം ബാലുച്ചേട്ടൻ, പ്രകാശ് ഉള്ളേരി, മഹേഷ് മണി, സുധീർ, നിർമ്മൽ എന്നിവർ ചേർന്ന് ബിഗ് ഇന്ത്യൻ ബാൻഡ് ഫോം ചെയ്തു. ആ ബാൻഡ് വലിയ ഇന്റർനാഷണൽ ഷോസ് ആണ് ചെയ്തത്. അതിൽ ഞാൻ ഉണ്ടയായിരുന്നില്ല, കുറേനാൾ കഴിഞ്ഞ് ഒരു ദിവസം പുലർച്ചെ ബാലുച്ചേട്ടൻ എന്നെ വിളിച്ചു, പാസ്പോര്‍ട്ടി ഉണ്ടോ നമുക്ക് ദോഹയിൽ ഒരു ട്രിപ്പ് ഉണ്ട് എന്ന് പറഞ്ഞു, എനിക്ക് ഭയങ്കര സന്തോഷമായി, അങ്ങനെ എന്റെ ആദ്യത്തെ വിദേശ ട്രിപ്പ് സാധ്യമായത് അദ്ദേഹം കാരണമാണ്. കേരളത്തിലെ ഒട്ടുമിക്ക ആർട്ടിസ്റ്റുകളും ആദ്യമായി പുറത്തുപോയത് ബാലുച്ചേട്ടൻ കാരണമായിരിക്കും.