വലിച്ചിഴച്ച പാടുകള്‍ക്കു പിറകേ പോയി നോക്കിയപ്പോള്‍ കണ്ടത് പൂര്‍ണ നഗ്‌നയായി ചോരയൊലിപ്പിച്ചു കിടക്കുന്ന മകളെ…ക്രൂര പീഡനത്തെക്കുറിച്ച് പെണ്‍ക്കുട്ടിയുടെ അമ്മ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊടുംപീഡനത്തിനിരയായി മരിച്ച ദലിത് പെണ്‍കുട്ടിയുടെ സംസ്‌കാരം യുപി പൊലീസ് ബലംപ്രയോഗിച്ചു നടത്തിയതായി പരാതി. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം സംസ്‌കരിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നു.

ദലിത് സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം ഭയന്നാണ് നേരം പുലരും മുന്‍പ് പൊലീസ് ധൃതിപിടിച്ച് സംസ്‌കാരം നടത്തിയതെന്നാണ് ആരോപണം.അന്ത്യകര്‍മങ്ങള്‍ക്ക് സാവകാശം അനുവദിക്കണമെന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അപേക്ഷ വകവയ്ക്കാതെ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് പൊലീസ് സംസ്‌കാരം നടത്തിയത്. അന്ത്യകര്‍മങ്ങള്‍ക്ക് വളരെക്കുറച്ചു സമയം മാത്രം നല്‍കിയ പൊലീസ്, തല്ലിയോടിക്കുമെന്നു ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്

പൊലീസ് ഭീഷണിയില്‍ ഭയന്നുപോയ കുടുംബാംഗങ്ങള്‍ കതകടച്ചു വീടിനുള്ളിലിരുന്ന സമയത്താണ് സമീപത്ത് ചിതയൊരുക്കി പൊലീസ് സംസ്‌കാരം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രദേശവാസികളായ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി ചികിത്സയിലിരിക്കെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ച 19 വയസ്സുകാരിയുടെ മൃതദേഹം വന്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് ആംബുലന്‍സില്‍ പൊലീസ് ഉത്തര്‍പ്രദേശിലേക്കു കൊണ്ടുപോയത്. വിവിധ സംഘടനകള്‍ ഇതിനു ശേഷവും സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

പുലര്‍ച്ചെയോടെ മൃതദേഹവുമായി ഹത്രാസിലെത്തിയ വന്‍ പൊലീസ് സംഘം ഉടന്‍ സംസ്‌കാരം നടത്തണമെന്ന് വാശിപിടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിട്ടില്ലെന്നും പരാതിയുണ്ട്.

എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് പുലര്‍ച്ചെ തന്നെ സംസ്‌കാരം നടത്തിയതെന്ന് ഉത്തര്‍പ്രദേശ് പൊലീസ് എഡിജി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി.

സംഭവം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

യോഗി ആദിത്യനാഥിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, പെണ്‍കുട്ടിയുടെ കുടുംബത്തിന് എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചു.

പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവനു മുന്നില്‍ വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഭവനു മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ മാര്‍ച്ച് നടത്തിയ ഇടതുപക്ഷ വനിതാ സംഘടനകളിലെ 60 പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസും ഭീം ആര്‍മിയും ലക്‌നൗവിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി.

അതിനിടെ, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ ഹിമാന്‍ഷു വാല്‍മീകിയെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സംഘടന ആരോപിച്ചു.

സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നു. ഡല്‍ഹിയിലെ നിര്‍ഭയ സംഭവം പോലെ രാജ്യത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ സംഭവത്തില്‍ പൊലീസിന്റെ ഇടപെടല്‍ ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

”ജീവിച്ചിരുന്നപ്പോള്‍ സംരക്ഷിച്ചില്ല, ആക്രമിക്കപ്പെട്ടപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ല, മരിച്ചപ്പോള്‍ അന്ത്യകര്‍മങ്ങള്‍ക്കു പോലും അവസരം നല്‍കിയില്ല” കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത് ഇങ്ങനെയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിനു പൊലീസ് നീതി നിഷേധിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആരോപിച്ചു.

പൊലീസ് തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. പൊലീസിന്റെ നടപടി സംശയാസ്പദമാണെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.

പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടതായി സിപിഎം പൊളിറ്റ്ബ്യൂറോ ആരോപിച്ചു. നിര്‍ബന്ധിത സംസ്‌കാരത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ആദ്യം ചില മനുഷ്യമൃഗങ്ങള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് ഭരണസംവിധാനം ആകെ പീഡിപ്പിച്ച അവസ്ഥയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

അതേസമയം പാടത്ത് ഒപ്പമുണ്ടായിരുന്ന മകളെ അയല്‍വാസികളായ ചെറുപ്പക്കാര്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറാതെ ഹത്രാസിലെ ദലിത് പെണ്‍കുട്ടിയുടെ അമ്മ. ഇരുവരും പുല്ലുചെത്താനാണ് പാടത്തേക്കു പോയത്.

കുറച്ചു കഴിഞ്ഞപ്പോള്‍ മകളെ കാണാതായതായി അമ്മ പറയുന്നു. വലിച്ചിഴച്ച പാടുകള്‍ക്കു പിറകേ പോയി നോക്കിയപ്പോള്‍ കണ്ടത് പൂര്‍ണ നഗ്‌നയായി ചോരയൊലിപ്പിച്ചു കിടക്കുന്ന മകളെ.

പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലീസ് അവഗണിച്ചെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു.

നാക്കു മുറിഞ്ഞതിനാല്‍ മകള്‍ക്കു സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. നാക്കിലെ മുറിവ് ഭേദപ്പെട്ട് ഒരാഴ്ചയ്ക്കു ശേഷം മകള്‍ മൊഴി നല്‍കിയപ്പോഴാണ് പീഡനക്കേസ് ചുമത്താന്‍ പൊലീസ് തയാറായത്. ഡല്‍ഹിയില്‍ നിന്നു മകളുടെ മൃതദേഹവുമായി വന്ന പൊലീസ് സംഘം ലാത്തിവീശി ഗ്രാമവാസികളെ ഭയപ്പെടുത്തിയതായും അമ്മ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7