ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ച ദലിത് പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം. ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 വയസ്സുകാരി ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണു മരിച്ചത്. പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് തിരക്കിട്ട് സംസ്‌കരിച്ചുവെന്നും വീട്ടിലേക്കു കൊണ്ടുപോകാന്‍ സമ്മതിച്ചില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഹത്രാസ് ജില്ലയിലുള്ള വീട്ടില്‍ നിന്ന് കഴിഞ്ഞ 14ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെയാണു പിന്നീടു കണ്ടെത്തിയത്. എന്റെ അമ്മയും സഹോദരിയും മൂത്ത ജ്യേഷ്ഠനും കൂടി പുല്ലുവെട്ടാനായി പോയതാണ്.സഹോദരന്‍ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അവര്‍ നിന്നതിന് ഇരുവശവും ബാജ്റ വിളകള്‍ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോള്‍ നാല് അഞ്ചു പേര്‍ പുറകില്‍ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി അവളെ ബാജ്റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.’- പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.
കാലുകള്‍ പൂര്‍ണമായും കൈകള്‍ ഭാഗീകമായും തളര്‍ന്ന നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. പീഡിപ്പിച്ചവര്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് ചെറുത്തതിനിടെ പെണ്‍കുട്ടി സ്വയം കടിച്ചതാകാം കാരണമെന്നായിരുന്നു ഹത്രാസ് എസ്പി വിക്രാന്ത് വീറിന്റെ വിശദീകരണം.
അലിഗഡ് ജവാഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.
ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. സംഭവം രാജ്യത്തിനു നാണക്കേടാണെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ജാതിക്കാരാണു പീഡനം നടത്തിയതെന്നും നിസ്സാര വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്നും സമാജ്‌വാദി പാര്‍ട്ടി വക്താവ് സുനില്‍ സിങ് സാജന്‍ ആരോപിച്ചു. പ്രതികളെ വെടിവച്ചു കൊല്ലണമെന്ന് ബോളിവുഡ് താരം കങ്കണ റനൗട്ട് പ്രതികരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയിലെത്തി പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു.