ഇന്ത്യയ്ക്കായി 500നടുത്ത് മത്സരങ്ങള്‍ കളിച്ച് തഴക്കവും പഴക്കവുമുള്ള തനിക്ക് ശ്രേയസ് അയ്യരെന്നല്ല, കോലിയായാലും നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവകാശം ഉണ്ടെന്ന് ഗാംഗുലി

കൊല്‍ക്കത്ത: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 500നടുത്ത് മത്സരങ്ങള്‍ കളിച്ച് തഴക്കവും പഴക്കവുമുള്ള തനിക്ക് ശ്രേയസ് അയ്യരെന്നല്ല, വിരാട് കോലിയായാലും അവരോടു സംസാരിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അവകാശം ഉണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ കൂടിയായ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഐപിഎലില്‍ മികച്ച താരമായും ക്യാപ്റ്റനായും വളരാന്‍ റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയും സഹായിച്ചിട്ടുണ്ടെന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. അന്ന് ടീമിന്റെ മാര്‍ഗദര്‍ശികള്‍ക്കൊപ്പം അയ്യര്‍ സൗരവ് ഗാംഗുലിയുടെയും പേരുപറഞ്ഞത് ഭിന്നതാല്‍പര്യ വിഷയം ഉയര്‍ത്തിയിരുന്നു

ബിസിസിഐ പ്രസിഡന്റിന്റെ പദവി വഹിക്കുന്ന ഗാംഗുലി, ഐപിഎലിലെ ഒരു ടീമിന്റെ മെന്ററാകുന്നത് എങ്ങനെ എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി ഗാംഗുലി നേരിട്ട് രംഗത്തെത്തിയത്. ‘കഴിഞ്ഞ വര്‍ഷം ഞാന്‍ ശ്രേയസ് അയ്യരെ സഹായിച്ചിരുന്നു. നിലവില്‍ ബിസിസിഐ അധ്യക്ഷനാണെന്നത് സത്യമാണ്. എന്നാല്‍, ഞാന്‍ ഇന്ത്യയ്ക്കായി അഞ്ഞൂറോളം മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്. അതുകൊണ്ടുതന്നെ എനിക്ക് ഒരു യുവതാരത്തോടു സംസാരിക്കാം, സഹായിക്കാം, അത് ശ്രേയസ് അയ്യരായാലും വിരാട് കോലിയായാലും. അവര്‍ക്ക് സഹായം വേണമെങ്കില്‍ അതു ചെയ്യാനും എനിക്ക് അവകാശമുണ്ട്’ ഒരു പരിപാടിയില്‍ സൗരവ് ഗാംഗുലി പ്രതികരിച്ചു.

ഐപിഎല്‍ 13ാം സീസണിലെ ഡല്‍ഹിയുടെ ആദ്യ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടുമ്പോഴാണ് അയ്യര്‍ വിവാദ പരാമര്‍ശം നടത്തിയത്. മത്സരത്തിനു മുന്നോടിയായി ടോസിങ്ങിന് എത്തിയപ്പോള്‍ ‘ഇപ്പോഴും ഗാംഗുലി ഡല്‍ഹി ടീമിന്റെ മെന്ററാ’ണെന്ന തരത്തില്‍ അയ്യര്‍ നടത്തിയ പ്രസ്താവനയാണു വിവാദത്തിലായത്. ശ്രേയസ് അയ്യരുടെ മെന്റര്‍ പരാമര്‍ശം വിവാദമായതോടെ അയ്യര്‍ തന്നെ ട്വിറ്ററില്‍ ഇതിനുള്ള വിശദീകരണവും നല്‍കിയിരുന്നു

ഒരു തുടക്കക്കാരന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍, ക്രിക്കറ്റ് കളിക്കാരന്‍, ക്യാപ്റ്റന്‍ എന്നീ നിലകളിലുള്ള എന്റെ വളര്‍ച്ചയുടെ ഭാഗമായിരുന്ന റിക്കി പോണ്ടിങ്ങിനോടും ദാദയോടും ഞാന്‍ നന്ദിയുള്ളവനാണ്. അവര്‍ രണ്ടു പേരും എന്റെ വ്യക്തിപരമായ വളര്‍ച്ചയിലും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനെന്ന നിലയിലുമുള്ള വളര്‍ച്ചയിലും വഹിച്ച പങ്കിന് നന്ദി പറയാന്‍ വേണ്ടി മാത്രമാണ് ആ പ്രസ്താവന നടത്തിയത്’ ഇതായിരുന്നു അയ്യരുടെ വിശദീകരണം.

pathram:
Related Post
Leave a Comment