സുശാന്തിനെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ഡോക്ടര്‍

മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണക്കേസിലെ സിബിഐ അന്വേഷണത്തില്‍ കുടുംബം ഇടപെടാന്‍ ശ്രമിക്കുന്നുവെന്ന് നടി റിയ ചക്രവര്‍ത്തിയുടെ അഭിഭാഷകന്‍. നടനെ കഴുത്തിനു ഞെക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടര്‍ തന്നോടു പറഞ്ഞതായി സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു

എയിംസിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് കേസില്‍ സിബിഐയുടെ ആവശ്യാര്‍ഥം ഫൊറന്‍സിക് പരിശോധന നടത്തിയത്. തന്നോട് ഇക്കാര്യം പറഞ്ഞ ഡോക്ടര്‍ ഈ സംഘത്തില്‍പ്പെട്ടയാളാണെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ വികാസ് സിങ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്.

‘സുശാന്തിന്റേത് ആത്മഹത്യയില്‍നിന്ന് കൊലപാതകമാണെന്നു തീരുമാനിക്കാന്‍ സിബിഐ വൈകുന്നതില്‍ നിരാശയുണ്ട്. ആത്മഹത്യയല്ലെന്നും തനിക്ക് അയച്ചുകിട്ടിയ ഫോട്ടോകളില്‍നിന്ന് കഴുത്തിനു ഞെക്കിപ്പിടിച്ചുള്ള കൊലപാതകമാണെന്ന് 200% ഉറപ്പാണെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോക്ടര്‍ നാളുകള്‍ക്കു മുന്‍പേ പറഞ്ഞിരുന്നു’ വികാസ് സിങ് ട്വീറ്റ് ചെയ്തു.

കേസിലെ കണ്ടെത്തലുകള്‍ സിബിഐക്ക് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും അന്തിമയോഗം നടക്കാന്‍ പോകുന്നേയുള്ളൂവെന്നും എയിംസ് ഫൊറന്‍സിക് സംഘത്തലവന്‍ ഡോ. സുധീര്‍ ഗുപ്ത അറിയിച്ചു. ചിത്രങ്ങള്‍ കണ്ടതില്‍നിന്നു മാത്രം അഭിപ്രായം രൂപീകരിക്കാനാകില്ല. തെളിവുകള്‍ ലഭിക്കുന്നതില്‍നിന്നു വേണം നിലപാട് വ്യക്തമാകാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണങ്ങള്‍ പക്ഷപാതപരമായും ഇടപെടലുകളില്ലാതെയും നടക്കണമെങ്കില്‍ പുതിയ മെഡിക്കല്‍ ബോര്‍ഡിനെ സിബിഐ നിയമിക്കണമെന്ന് വികാസ് സിങ്ങിന്റെ പരാമര്‍ശത്തോട് റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെ പ്രതികരിച്ചു. ഫോട്ടോയില്‍നിന്ന് കൊലപാതകമാണെന്നു കണ്ടെത്തുന്ന നടപടി അപകടകരമാണ്.

ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച തീരുമാനത്തിലെത്താനുള്ള സമ്മര്‍ദമാണ് അന്വേഷണ ഏജന്‍സികള്‍ നേരിടുന്നത്. ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെയുടെ സ്വയം വിരമിക്കലിലൂടെ നാമതു കണ്ടു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ മനേഷിന്‍ഡെയുടെ പ്രസ്താവനയില്‍ പറയുന്നു

FOLLOW US PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular