ട്രംപിന് നേരെ മാരക വിഷപ്രയോഗം: സ്ത്രീ അറസ്റ്റില്‍

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്തിരുന്നു.

വൈറ്റ് ഹൗസ് വിലാസത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയിൽനിന്നാണ് കവർ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച് എഫ്ബിഐയും പോസ്റ്റൽ ഇൻസ്പെക്‌ഷൻ സർവീസും കാനഡയിലെ ഏജൻസികളുമായി ചേർന്നാണ് അന്വേഷിക്കുന്നത്. കവർവന്ന വിലാസത്തിൽനിന്ന് നേരത്തെ അയച്ച പോസ്റ്റുകൾ ഉൾപ്പെടെ പരിശോധിക്കും. അറസ്റ്റിലായ സ്ത്രീയാണോ കവർ അയച്ചത് എന്നുൾപ്പെടുള്ള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.

2018ൽ റൈസിൻ വിഷമടങ്ങിയ കവർ പ്രസിഡന്റിനും എഫ്ബിഐ ഡയറക്ടർക്കും പ്രതിരോധ സെക്രട്ടറിക്കും അയച്ച കേസിൽ നാവികസേനയിൽ നിന്നു വിരമിച്ച വില്യം ക്ലൈഡ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 2014ൽ ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് കത്തിലൂടെ രാസ വിഷപ്രയോഗം നടത്താൻ ശ്രമിച്ച നടി ഷാനൻ റിച്ചാർഡ്സനെ അറസ്റ്റ് ചെയ്ത് 18 വർഷം ജയിൽ ശിക്ഷയ്ക്കു വിധിച്ചിരുന്നു. വിവാഹമോചനം നേടിയ ഭർത്താവിനെ കുടുക്കാൻ അദ്ദേഹത്തിന്റെ പേരിലാണ് ഷാനൻ അന്നു കത്തയച്ചത്.

pathram:
Leave a Comment