ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ തബ് ലീഗി ജമാ അത്ത് സമ്മേളനത്തെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. തബ് ലീഗി ജമാ അത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് സമ്മേളനം നടത്തിയതെന്നും അത് രോഗവ്യാപനത്തിന് കാരണമായെന്നും മന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കി.
തബ് ലീഗി ജമാ അത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായിട്ടുണ്ടോ എന്ന ശിവസേനാ എം.പി അനില്‍ ദേശായിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് എം.പി ഇക്കാര്യം വക്തമാക്കിയിരിക്കുന്നത്. തബ് ലീഗി സമ്മേളനത്തില്‍ പങ്കെടുത്ത 2361 പേരെ മാര്‍ച്ച് 29ന് ഡല്‍ഹി പോലീസ് ഒഴിപ്പിച്ചു. ജമാ അത്തിന്റെ 233 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 54,87,581 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,961 പേര്‍ക്ക് കോവിഡ് ബാധിച്ചു. 10,03,299 ആക്ടീവ് കേസുകള്‍ നിലവിലുണ്ട്. 43,96399 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. 87,882 പേര്‍ മരണമടഞ്ഞു. 12,08,642 കേസുകളുമായി മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നിലുണ്ട്.
ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ 21 വരെയാണ് തബ് ലീഗി ജമാ അത്ത് സമ്മേളനം നടന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം ആരംഭിച്ച സമയമായിരുന്നു അത്. സമ്മേളനത്തില്‍ പങ്കെടുത്ത നാലായിരത്തോളം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 27 പേര്‍ മരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നാല്‍പ്പതിനായിരത്തോളം പേരെ കണ്ടെത്തി ക്വാറന്റീന്‍ ചെയ്യേണ്ടി വന്നു.
Leave a Comment