കോവളം: കുടുംബവഴക്കിനിടെ ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകൻ മരിച്ചു. വെട്ടുകാട് ടി.സി. 80/676 പുതുവിളാകം വീട്ടിൽ ലോറൻസിന്റെയും ഐറിന്റെയും മകൻ ലിജിൻ ലോറൻസ്(32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് കൊച്ചുവേളി ശംഭുവട്ടം ടി.സി. 90/645/1, റോസ് വില്ലയിൽ നിക്കോളാസ് ഗോമസിനെ(63) വലിയതുറ പോലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. കുവൈത്തിലായിരുന്ന ലിജിൻ, 20 ദിവസം മുൻപാണ് നാട്ടിലെത്തിയത്. നാലാഞ്ചിറയിലുള്ള സഹോദരന്റെ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.
ഇരുവരും വീടിനു പുറത്തേക്കുള്ള റോഡിനടുത്തെത്തി അടിപിടിയായതിനിടെ നിക്കോളാസ് 15 സെന്റീ മീറ്ററോളം നീളമുള്ള കറിക്കത്തിയെടുത്ത് ലിജിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് വലിയതുറ പോലീസ് പറഞ്ഞു. നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ് രക്തം വാർന്നു കിടന്ന ലിജിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിദേശത്തായിരുന്ന നിക്കോളാസ് ഗോമസ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. എട്ടു വർഷം മുമ്പായിരുന്നു നിക്കോളാസിന്റെ മകളായ നിഷയെ, ലിജിൻ വിവാഹം കഴിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണം നിഷയുടെ വീട്ടുകാർ ലിജിനുമായുള്ള വിവാഹബന്ധം വേർപെടുത്താൻ കുടുംബക്കോടതിയിൽ കേസ് നൽകിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച അർധരാത്രിയോടെ നിക്കോളാസിനെ അറസ്റ്റുചെയ്തതായി വലിയതുറ ഇൻസ്പെക്ടർ ബിനീഷ് ലാൽ പറഞ്ഞു. ഹൃദയത്തിനും ശ്വാസകോശത്തിനും കുത്തേറ്റ് രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നും പോലീസ് അറിയിച്ചു.
ലിജിന്റെ മൃതദേഹം വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിൽ സംസ്കരിച്ചു. എസ്.ഐ.മാരായ പ്രദീപ് കുമാർ, ഹർഷാദ്, അസി. സബ് ഇൻസ്പെക്ടർമാരായ ശിവപ്രസാദ്, സജാദ്, ഗിരികുമാർ, ജോസ്, സി.പി.ഒ.മാരായ അനീഷ്, സിനു, ബിനു എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.