ഐ.പി.എല്‍ 13-ാം പതിപ്പിന് ഇന്ന് തുടക്കം; ധോനിയെ കളത്തില്‍ കാണാന്‍ പോകുന്നതിന്റെ ആവേശത്തില്‍ ആരാധകര്‍

ദുബായ്: ഫ്രാഞ്ചൈസി ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശകരമായ ടൂര്‍ണമെന്റിന് ഇനി മണിക്കൂറുകള്‍ മാത്രം. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികളും ആശങ്കകളും മാറ്റിവെച്ച് ഐ.പി.എല്‍ 13-ാം പതിപ്പിന് ശനിയാഴ്ച അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30-ന് തുടക്കമാകും.

ടൂര്‍ണമെന്റിലെ തന്നെ രണ്ട് ഗ്ലാമര്‍ ടീമുകളാണ് ഇന്ന് കളത്തിലിറങ്ങുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ആദ്യ മത്സരം. ഒരു വര്‍ഷത്തിനു ശേഷം ധോനിയെ കളത്തില്‍ കാണാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. 2019 ജൂലായില്‍, ലോകകപ്പ് സെമി ഫൈനലിലാണ് ധോനി അവസാനമായ ഔദ്യോഗിക മത്സരം കളിച്ചത്. പിന്നീട് ഏറെക്കാലം കളിക്കളത്തില്‍ നിന്നും മുഖ്യധാരയില്‍നിന്നും മാറിനിന്ന ധോനി, കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

മറുവശത്ത് നാല് കിരീടങ്ങളുടെ പെരുമയുമായാണ് മുംബൈ അണിനിരക്കുന്നത്. നിലവിലെ ജേതാക്കള്‍ കൂടിയാണ് മുംബൈ. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അവസാന പന്തില്‍ ഒരു റണ്ണിന് തോല്‍പ്പിച്ചായിരുന്നു മുംബൈ ടീമിന്റെ കിരീട നേട്ടം. ചെന്നൈക്കെതിരേ മുംബൈക്ക് മുന്‍തൂക്കവുമുണ്ട്. ആകെ 28 തവണ ഏറ്റുമുട്ടിയപ്പോള്‍ 17 തവണ ജയം മുംബൈക്കൊപ്പം നിന്നു. കഴിഞ്ഞവര്‍ഷം പ്രാഥമിക റൗണ്ടിലും നോക്കൗട്ടിലും ഫൈനലിലുമായി നാലു മത്സരങ്ങളിലും ജയം മുംബൈക്കൊപ്പമായിരുന്നു.

കോവിഡ് മാനദണ്ഡം നിലവിലുള്ളതിനാല്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങോ ചിയര്‍ ലീഡേഴ്‌സോ ഉണ്ടാകില്ല. കാണികള്‍ക്കും പ്രവേശനമില്ല. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കവേ 30 ശതമാനം ആളുകളെ സ്റ്റേഡിയത്തില്‍ കയറ്റുന്ന കാര്യം പരിഗണനയിലാണെന്ന്, ഐ.പി.എല്‍ സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.

മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഓരോ ബയോ സെക്യുര്‍ ബബിളിനകത്താകും താരങ്ങള്‍. ഇതിനകത്തുള്ളവരുമായി മാത്രമേ സമ്പര്‍ക്കം പാടുള്ളൂ, ഓരോ ടീമിനും അനുവദിച്ച സ്ഥലത്തൂടെ മാത്രമേ യാത്ര നടത്താവൂ തുടങ്ങിയ നിബന്ധനകളുണ്ട്.

ഇന്ത്യ – ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്മാറിയതോടെ ഇത്തവണത്തെ ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവനാണ്. 222 കോടി രൂപയ്ക്കാണ് ഡ്രീം ഇലവന്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കിയത്.

pathram:
Related Post
Leave a Comment