മോദിക്ക് ജന്മദിനാശംസകള്‍ അറിയിച്ച്‌ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജന്മദിന ആശംസകള്‍ നേര്‍ന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 70-ാം പിറന്നാളാണ് മോദിക്കിന്ന്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചു.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സേവനപരിപാടികള്‍ (സേവാസപ്താഹം) സംഘടിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ബി.ജെ.പി. ആഘോഷിക്കുന്നത്. രാഷ്ട്പതി രാംനാഥ് കോവിന്ദ്, മന്ത്രിമാര്‍, ബിജെപി നേതാക്കള്‍, കോണ്‍ഗ്രസ് അടക്കമുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

തിങ്കളാഴ്ച തുങ്ങിയ ബിജെപിയുടെ സേവാസപ്താഹം ഞായറാഴ്ചവരെ നീളും. ഒരാഴ്ച ജനസേവനം ലക്ഷ്യമാക്കി വിവിധ സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പാര്‍ട്ടി ദേശീയനേതൃത്വം പ്രവര്‍ത്തരോടു നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും 70 താലൂക്കുകളിലെ ശാരീരികവെല്ലുവിളി നേരിടുന്ന 70 പേര്‍ക്ക് സഹായമെത്തിക്കുക, ഓരോ ബ്ലോക്കിലെയും 70 പേര്‍ക്ക് കണ്ണട നല്‍കുക, 70 സ്ഥാപനങ്ങള്‍ ശുചീകരിക്കുക, കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മരുന്നുവിതരണം, രക്തദാനം തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം ഡല്‍ഹിയില്‍ ആരംഭിച്ചിട്ടുണ്ട്. സൂറത്തില്‍ 70,000 വൃക്ഷത്തൈകള്‍ നട്ടാണ് ജന്മദിനാഘോഷം.

pathram:
Leave a Comment