ടിക്ടോക്കിന് പകരം സേവനമിറക്കി യൂട്യൂബും; ഷോര്‍ട്‌സ് ബീറ്റ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ടിക്ടോക്കിന്റെ നിരോധനത്തിന് പിന്നാലെ നിരവധി ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ രംഗപ്രവേശം ചെയ്തത്. ഇപ്പോഴിതാ യൂട്യൂബും സ്വന്തം ഹ്രസ്വ വീഡിയോ സേവനവുമായി എത്തുന്നു. യൂട്യൂബ് ഷോർട്സ് എന്ന ഈ സേവനത്തിന്റെ ബീറ്റാ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുകയാണെന്ന് യൂട്യൂബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ യൂട്യൂബ് ഷോർട്സ് ബീറ്റ പതിപ്പ് ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിലെത്തും.

15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകളാണ് യൂട്യൂബ് ഷോർട്സിൽ നിർമിക്കാൻ സാധിക്കുക. വീഡിയോകൾ രസകരമാക്കാനും ഭംഗിയുള്ളതാക്കാനുമുള്ള പുതിയ ഫീച്ചറുകളും ഷോർട്സിലുണ്ടാവും.

യൂട്യൂബ് ആപ്പിൽ തന്നെ ലഭ്യമായ പുതിയ സൗകര്യമാണിത്. ചെറിയ വീഡിയോകൾ നിർമിക്കാനും പങ്കുവെക്കാനും ആഗ്രഹിക്കുന്ന ക്രിയേറ്റർമാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. യൂട്യൂബ് ഷോർട്സിന്റെ ആദ്യ ബീറ്റ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കുന്നത്. അതുകൊണ്ട് ക്രിയേറ്റർമാർക്കും കലാകാരന്മാർക്കും വേണ്ടി വളരെ കുറച്ച് ഫീച്ചറുകൾ മാത്രമാണുണ്ടാവുക.

ഒന്നിലധികം വീഡിയോ ക്ലിപ്പുകൾ ഒന്നിപ്പിക്കാൻ കഴിയുന്ന മൾടി സെഗ്മെന്റ് ക്യാമറ, മ്യൂസിക് ലൈബ്രറിയിൽ നിന്നുള്ള പശ്ചാത്തല ശബ്ദങ്ങൾക്കൊപ്പം റെക്കോർഡ് ചെയ്യാനുള്ള ഓപ്ഷൻ, വേഗത ക്രമീകരിക്കാനുള്ള സൗകര്യം, സ്വന്തം വീഡിയോകൾ എടുക്കുന്നത് എളുപ്പമാക്കുന്ന ടൈമർ സൗകര്യം എന്നിവ ഇതിലുണ്ടാവും.

ഇതിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും യൂട്യൂബ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular