ബോളിവുഡിലെ ബഹുഭൂരിപക്ഷം ആള്‍ക്കാരും ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍; പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തി റിയ; സാറാ അലിഖാനും അക്കൂട്ടത്തില്‍

മുംബൈ: തെന്നിന്ത്യന്‍ താരറാണി രാകുല്‍പ്രീത് സിംഗും മരണമടഞ്ഞ നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ അവസാന ചിത്രമായ ദില്‍ ബേച്ചാരയുടെ സംവിധായകനായ മുകേഷ് ഛബ്ര അടക്കം വന്‍ താരനിര ലഹരി ഉപയോഗിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയാ ചക്രബര്‍ത്തി. ബോളിവുഡ് നായകന്‍ സെയ്ഫ് അലി ഖാന്റെ മകളും നടിയും സുശാന്തിന്റെ ഹിറ്റ് സിനിമകളില്‍ ഒന്നായ കേദാര്‍നാഥിലെ നായിക സാറാ അലി ഖാനും അടക്കമുള്ളവരുടെ പേരുകളുണ്ട്. റിയ അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിന്റെ ഉറക്കം കെട്ടിരിക്കുകയാണ്.

ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡുമായി ബന്ധപ്പെടുന്ന 15 ലധികം നടീനടന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുകളാണ് റിയ നല്‍കിയിട്ടുള്ളത്. ഇതില്‍ സുശാന്തിന്റെ മുന്‍ മാനേജര്‍ രോഹിണി അയ്യരും പെടുന്നു. ബോളിവുഡില്‍ കാര്യമായി കഴിവ് തെളിയിക്കാനായിട്ടില്ലെങ്കിലും തെന്നിന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ചും തമിഴലും തെലുങ്കിലും ഏറെ തിരക്കുള്ള നടിയാണ് രാകുല്‍ പ്രീത് സിംഗ്. മുകേഷ് ഛബ്രയാകട്ടെ കാസ്റ്റിംഗ് ഡയറക്ടറായി കൈ പോ ചേയും ദംഗലും അടക്കം ഒട്ടേറെ ഹിറ്റ് സിനിമകളില്‍ പങ്കാളിയായിരുന്നയാളുമാണ്. ഇവര്‍ക്ക് പുറമേ ഡിസൈനര്‍ സിമോണ്‍ കംബട്ടയും പട്ടികയിലുണ്ട്.

ബോളിവുഡിലെ ബഹുഭൂരിപക്ഷം ആള്‍ക്കാരും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ് റിയ എന്‍സിബിയ്ക്ക് നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍സിബി. റിയയുടെ സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയാണ് സുശാന്ത് സിംഗ് രജപുത്തിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നതെന്നും ഇതിനായി പണം മുടക്കിയത് റിയയായിരുന്നു എന്നും കണ്ടെത്തിയിരുന്നു. റിയയുടെ വാട്സ്ആപ്പില്‍ നിന്നും മയക്കുമരുന്ന് കൈമാറലുമായി ബന്ധപ്പെട്ട ചാറ്റ് കണ്ടെത്താന്‍ ഇടയായതോടെയാണ് നാര്‍ക്കോട്ടിക്സ് ക്രൈം ബ്യൂറോയുടെ അന്വേഷണ പരിധിയില്‍ ആയത്.

അതിനിടയില്‍ സുശാന്തും റിയയും സിഗററ്റ് വലിക്കുന്നതിന്റെ ഒരു വീഡിയോ സീ ന്യൂസ് പുറത്തുവിട്ടിട്ടുള്ളത് കേസില്‍ വിവാദം കൂട്ടിയിരിക്കുകയാണ്. മയക്കുമരുന്ന് സംഘത്തിലെ സുപ്രധാന കണ്ണികളില്‍ ഒരാളാണ് റിയയുടെ സഹോദരന്‍ ഷൗവിക്ക് എന്നാണ് എന്‍സിബി പറയുന്നത്. 20 വര്‍ഷം വരെ ജയിലില്‍ കിടക്കാവുന്ന ജാമ്യമില്ലാ കുറ്റമായ 27 എ വകുപ്പാണ് മയക്കുമരുന്ന് കുറ്റകൃത്യ ബ്യൂറോ ഷൗവിക്ക് ചക്രവര്‍ത്തിക്കെതിരേ ചുമത്തിയിരക്കുന്നത്. റിയയ്ക്കും ഷൗവിക്കിനും ഒപ്പം സെയ്ദ് വിലാത്ര, അബ്ദല്‍ ബസിത്പരിഹാര്‍, സുശാന്തിന്റെ ജോലിക്കാരായ സാമുവല്‍ മിറാന്‍ഡ, ദീപേഷ് സാവന്ത് എന്നിവരാണ് ഇപ്പോള്‍ ജാമ്യം നിഷേധിക്കപ്പെട്ടവര്‍.

ഇപ്പോള്‍ ബൈക്കുള ജയിലില്‍ കഴിയുന്ന റിയയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ ഇന്നലെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് മേല്‍ക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് നടി. നിരപരാധിയാണെന്നും നിര്‍ബ്ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നു എന്നുമുള്ള റിയയുടെ വാദം വിചാരണ കോടതി അംഗീകരിച്ചില്ല. ഈ മാസം 22 വരെയാണ് റിയയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവര്‍ക്കൊപ്പം മറ്റ് എട്ടു പേരുടെയും ജാമ്യഹര്‍ജിയും തള്ളിയിട്ടുണ്ട്. വിധിക്കെതിരേ മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് റിയ ഉദ്ദേശിക്കുന്നത്. നടി പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കും എന്നുമാണ് വിചാരണക്കോടതി പറഞ്ഞത്.

pathram:
Leave a Comment