കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തിരുവനന്തപുരം : വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പ്രതിപക്ഷ സംഘടനകളുടെ പ്രകടന പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു.

ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭ പരമ്പരയാണ്. യുവമോര്‍ച്ചയുടെയും യൂത്ത് ലീഗിന്റെയും മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗമുണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു മേല്‍ ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. 4 പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബാരിക്കേഡിനു മുകളിലേക്കു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെയാണു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ജലീലിനെതിരെ മുദ്രാവാക്യം മുഴക്കി

കൊല്ലത്തും കോഴിക്കോട്ടും തൃശൂരും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസുകാരും പൊലീസും ഏറ്റുമുട്ടി. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് കോണ്‍ഗ്രസ് നടത്തിയ ലോങ് മാര്‍ച്ചില്‍ സംഘര്‍ഷം. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേത്യത്വത്തില്‍ ചിന്നക്കടയില്‍ നിന്നാരംഭിച്ച പ്രകടനം കടപ്പാക്കടയില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു

കൊല്ലത്തു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. കോഴിക്കോട്ട് യൂത്ത് ലീഗ് നടത്തിയ കമ്മീഷണര്‍ ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സിവില്‍ സ്റ്റേഷനു മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. പൊലീസ് വലയം ഭേദിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്‍, നഹാസ് പത്തനംതിട്ട, ആരിഫ് ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നില്‍ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയത്ത് എംസി റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. തൊടുപുഴ ടൗണില്‍ സമരം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പത്ത് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സിവില്‍ സ്റ്റേഷനു മുന്നില്‍നിന്ന് ഗാന്ധി സ്‌ക്വയര്‍ വരെയായിരുന്നു പ്രതിഷേധ പ്രകടനം. പത്തു മിനിറ്റോളം തൊടുപുഴ റോഡ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

മലപ്പുറം ന്മ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ്. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ പോയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നു ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരോപണ വിധേയരായപ്പോള്‍ മന്ത്രി ഇ.പി.ജയരാജനും എം.ശിവശങ്കറും സ്ഥാനത്തു നിന്ന് മാറിനിന്നത് കെ.ടി.ജലീലിനും ബാധകമല്ലേ എന്ന് പറയേണ്ടതു സര്‍ക്കാരും സിപിഎമ്മുമാണ്. യുഡിഎഫ് കാലത്തും ആരോപണ വിധേയരായവര്‍ രാജിവയ്ക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ മന്ത്രി അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment