മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിലേക്ക് മന്ത്രി ജലീലിന്റെ വാഹനം വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചോദ്യം ചെയ്യലിന് എത്തിയത് സ്വകാര്യവാഹനത്തിലാണെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു.

മന്ത്രിയെ ഇന്നലെ രാവിലെ എറണാകുളത്തെ ഇഡി ഓഫിസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. പുലര്‍ച്ചെ അരൂരിലെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്റ്റേറ്റ് കാര്‍ അവിടെയിട്ട് സ്വകാര്യ കാറില്‍ ഇഡി ഓഫിസിലെത്തി. മൊഴിയെടുപ്പ് 2 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായി. എന്നാല്‍ വൈകിട്ട് 5 മണിവരെ വിവരം മന്ത്രി ജലീലും അദ്ദേഹത്തിന്റെ ഓഫിസും അടുത്ത സുഹൃത്തുക്കളും നിഷേധിച്ചുകൊണ്ടിരുന്നു. നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നു മന്ത്രി പ്രതികരിച്ചു. എന്നാല്‍, മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകിട്ട് 5.45 ന് ഇഡി മേധാവി ന്യൂഡല്‍ഹിയില്‍ സ്ഥിരീകരിച്ചു.

രാവിലെ 9.30 മുതല്‍ കൊച്ചി ഓഫിസില്‍ മന്ത്രി ജലീലിനെ ചോദ്യം ചെയ്‌തെന്നും സ്വര്‍ണക്കടത്തു കേസില്‍ മറ്റു വിഷയങ്ങളും ഉള്‍പ്പെടുമെന്നും ഇഡി ഉന്നതര്‍ ‘മനോരമ’യോട് പറഞ്ഞു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നല്‍കാതെ ജലീല്‍ ഒഴിഞ്ഞുമാറിയെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ തൃപ്തികരമായിരുന്നില്ല; ഇന്നലെ നല്‍കിയ മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും.

2020 മാര്‍ച്ച് 4നു തിരുവനന്തപുരം യുഎഇ കോണ്‍സല്‍ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നല്‍കിയിരുന്ന വിശദീകരണം. കള്ളക്കടത്തു സംഘം ഈ നയതന്ത്ര പാഴ്‌സലുകളില്‍ സ്വര്‍ണമോ പണമോ കടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കള്ളപ്പണം കറന്‍സി നോട്ടുകളായി കടത്തിയോ എന്നും അന്വേഷിക്കുന്നു. സ്വര്‍ണക്കടത്തു പ്രതികള്‍ യുഎഇ കോണ്‍സുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്റെ മറവില്‍ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം.

pathram:
Related Post
Leave a Comment