പോപ്പുലർ സാമ്പത്തിക തട്ടിപ്പ് കേസ് നിർണായക വഴിത്തിരിവിൽ. മുഖ്യസുത്രധാരൻ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂർ സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾക്കെതിരായ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ അന്വേഷണം പൂർത്തിയായാൽ ഇയാളെ പ്രതിപ്പട്ടികയിൽ ചേർക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, കേസിൽ അന്വേഷണം പൊലീസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. പ്രതികളെയും കൊണ്ട് അന്വേഷണ സംഘം രണ്ടായി പിരിഞ്ഞുള്ള തെളിവെടുപ്പ് തുടരുകയാണ്. പ്രതികളുടെ വിവിധ സ്ഥലങ്ങളിലുള്ള വസ്തുവകകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. തെളിവെടുപ്പ് തുടരുന്നതിനിടെ ഉടമകൾ ജാമ്യത്തിനായുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
ആന്ധ്രയിലെ മത്സ്യ കയറ്റുമതി സ്ഥാപനം, തമിഴ്‌നാട്ടിലെ ശീതള പാനിയ വിതരണ ബിസിനസ്, കംമ്പ്യൂട്ടർ ഇറക്കുമതി ബിസിനസ് എന്നിവയിലെ നിക്ഷേപങ്ങളും പോപ്പുലറിന്റെ വിവിധ ബ്രാഞ്ചുകളിലെ ഇടപാടുകളുമാണ് പൊലീസ് അന്വേഷിക്കുന്നത്. പോപ്പുലറിന് ഈ സംസ്ഥാനങ്ങളിൽ വസ്തു ഇടപാടുകൾ ഉണ്ടായിരുന്നത് സംബന്ധിച്ച തെളിവും പൊലീസ് ശേഖരിക്കുന്നുണ്ട്. പോപ്പുലറിന്റെ ഉടമസ്ഥതയിൽ 22 വസ്തുവകകൾ അന്വേഷണ സംഘം കണ്ടെത്തി.
പോപ്പുലറിന്റെ സഹ ഉടമകളായ പ്രഭാ തോമസ്, ഡോ. റിനു മറിയം തോമസ്, ഡോ. റിയ ആൻ തോമസ് എന്നിവരെ ഇന്നലെ തിരുവനന്തപുരത്ത് വിവിധ ബാങ്കുകളുടെ ശാഖകളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പോപ്പുലർ ഫിനാൻസിലെ ഡ്രൈവർമാരുടെ പേരിലടക്കം സ്വർണം പണയം വച്ചതായാണ് സൂചന. ഇത് കണ്ടെത്താനുള്ള നടപടിയും പൊലീസ് തുടങ്ങിയിട്ടുണ്ട്. ഉടമകൾക്ക് വില കൂടിയ 10 വാഹനങ്ങൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ശിക്ഷാ നിയമം 420 പ്രകാരമുള്ള കേസായതിനാൽ 60 ദിവസത്തിനകം കുറ്റംപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിക്കും. അതിനു മുൻപ് ഒരു കേസിലെങ്കിലും കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഈ ഞായറാഴ്ചയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.