ഐഎഎസ് പീഡനം, 15 മാസമായി ശമ്പളമില്ല; ഗതികെട്ട് ഓട്ടോഡ്രൈവറായി ഡോക്ടര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ഗതി മുട്ടിയാല്‍‌ ഡോക്ടര്‍ ഓട്ടോ ഡ്രൈവറാകും. ബെള്ളാരി ശിശുക്ഷേമ ഓഫിസറായിരുന്ന ഡോ.എം.എച്ച്.രവീന്ദ്രനാഥ് (53) ആണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നു വെള്ളക്കുപ്പായം മാറ്റി കാക്കിയണിഞ്ഞത്. 24 വര്‍ഷമായി സേവനം നടത്തിയ സര്‍ക്കാര്‍ ഡോക്ടറെ, 15 മാസമായി ശമ്പളം ലഭിക്കാത്തതാണ് ഓട്ടോ ഓടിക്കാന്‍ പ്രേരിപ്പിച്ചത്.

2009-10ല്‍ മികച്ച മെ‍ഡിക്കല്‍ ഓഫിസറായിരുന്നു രവീന്ദ്രനാഥ്. ഇദ്ദേഹത്തിന്റെ ദുരിതം തുടങ്ങിയത് 2018ല്‍. ബെള്ളാരി ജില്ലാ പഞ്ചായത്ത് സിഇഒ ആയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ‍ സഹപാഠിയെ ദേശീയ ആരോഗ്യ മിഷനു കീഴില്‍ സ്പെഷലിസ്റ്റ് ഡോക്ടറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യാത്തതാണ് ദുരിതങ്ങള്‍ക്കു ഹേതു. ആരോഗ്യ വകുപ്പിന്റെ യോഗങ്ങളില്‍ തുടര്‍ച്ചയായി കുറ്റപ്പെടുത്തുകയും പല തവണയായി കാരണം കാണിക്കല്‍ നോട്ടിസ് ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന് സസ്പെന്‍ഷനിലായി. 2019 ജൂണ്‍ മുതല്‍ ശമ്പളം ലഭിക്കാത്തതാണ് ഓട്ടോ ഓടിക്കാനുള്ള ചിന്തയ്ക്കു പിന്നില്‍. 5 ദിവസമായി ദാവനഗെരെയില്‍ സവാരി പോകുന്ന രവീന്ദ്രനാഥിന്റെ ഓട്ടോയുടെ മുന്നില്‍ ഐഎഎസ് ഓഫിസര്‍മാരുടെ ദുര്‍ഭരണമാണ് തനിക്ക് ഈ ഗതി വരുത്തിയതെന്ന് എഴുതിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7