കോവിഡ്: പുതിയ മാർഗ നിർദേശങ്ങൾ; ഹൈ റിസ്ക് പ്രൈമറി കോൺടാക്ടുകൾ, സെക്കൻഡറി കോൺടാക്ടുകൾ…

കോട്ടയം : ജില്ലയിൽ 119 പേർ കോവിഡ് പോസിറ്റീവായി. 128 പേർ രോഗമുക്തരായി. 118 പേർക്കും സമ്പർക്കത്തിലൂടെയാണു കോവിഡ്. 1573 പേരുടെ സ്രവ പരിശോധന നടത്തി. ഈരാറ്റുപേട്ട, കോട്ടയം, ഏറ്റുമാനൂർ, അയ്മനം, ചങ്ങനാശേരി എരുമേലി, കരൂർ, മീനടം, പാമ്പാടി, തലയാഴം എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. 1589 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ്: പുതിയ മാർഗ നിർദേശങ്ങൾ, ജില്ലാ ഭരണകൂടം പുറത്തിറക്കിയത്.

സമ്പർക്കം
കോവിഡ് പോസിറ്റീവായ വ്യക്തിക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനു 2 ദിവസം മുൻപു മുതൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങി 14-ാം ദിവസം വരെ കാലയളവിലെ ബന്ധമാണ് സമ്പർക്കം. രോഗ ലക്ഷണമില്ലാതെ പോസിറ്റീവായവരുടെ സമ്പർക്കം കണ്ടെത്താൻ സ്രവം ശേഖരിക്കുന്നതിന് 2 ദിവസം മുൻപു മുതലുള്ള ദിവസങ്ങൾ പരിഗണിക്കും.

ഹൈ റിസ്ക് പ്രൈമറി കോൺടാക്ടുകൾ
പോസിറ്റീവായ വ്യക്തിയുമായി ഒരു മീറ്ററിനുള്ളിൽ കുറഞ്ഞത് 15 മിനിറ്റ് ചെലവഴിച്ചവർ, ശാരീരിക ബന്ധം പുലർത്തിയവർ, മുറിയോ ഭക്ഷണമോ പങ്കുവെച്ചവർ, സംരക്ഷണ ഉപാധികൾ ശരിയായി ധരിക്കാതെ പോസിറ്റീവായവരെ പരിചരിച്ചവർ, സ്രവം ശേഖരിച്ചവർ, പോസിറ്റീവായ വ്യക്തി ഉപയോഗിച്ച ഉപകരണങ്ങൾ, പാത്രങ്ങൾ തുണികൾ തുടങ്ങിയവ മാസ്ക്കോ കയ്യുറയോ ഉപയോഗിക്കാതെ കൈകാര്യം ചെയ്തവർ.

സെക്കൻഡറി കോൺടാക്ടുകൾ
ഹൈ റിസ്ക് പ്രൈമറി കോൺടാക്ടുകളായ ആളുകളുമായി മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലും വിധത്തിൽ ബന്ധം പുലർത്തിയവർ.
ആരൊക്കെ ക്വാറന്റീനിൽ
ഹൈ റിസ്ക് പ്രൈമറി കോൺടാക്ടുകൾ, വിദേശത്തുനിന്നോ സംസ്ഥാനത്തിനു പുറത്തു നിന്നോ എത്തുന്നവർ.

സെക്കൻഡറി കോൺടാക്ടുകൾക്ക് ക്വാറന്റീൻ വേണ്ട
രോഗലക്ഷണം ഉണ്ടായാൽ പ്രദേശത്തെ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ പരിശോധന നടത്തണം. ഇവർ 14 ദിവസം അനാവശ്യ യാത്രകൾ ഒഴിവാക്കണം, മറ്റുള്ളവരുമായി രണ്ടു മീറ്റർ അകലം പാലിക്കണം, മാസ്ക് ധരിക്കണം

ക്വാറന്റീൻ എത്ര ദിവസം
വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളിൽ നിന്നോ എത്തിയ ദിവസം മുതലോ കോവിഡ് പോസിറ്റീവായ ആളുമായി അവസാനം സമ്പർക്കം പുലർത്തിയ ദിവസം മുതലോ 14 ദിവസം വരെ.

ക്വാറന്റീൻ
ക്വാറന്റീൻ കാലാവധി കഴിഞ്ഞു നിരീക്ഷണം ആവശ്യമില്ല.
എങ്കിലും 14 ദിവസം കൂടി പൊതുപരിപാടികളും പൊതുവാഹനങ്ങളിലെ യാത്രകളും ഒഴിവാക്കണം.
സംസ്ഥാനത്തിന് പുറത്തുനിന്നു വരുന്നവരും ഹൈ റിസ്ക് പ്രൈമറി കോൺടാക്ടുകളും ഒഴികെ ആർക്കും ക്വാറന്റീൻ ആവശ്യമില്ല. സെക്കൻഡറി കോൺടാക്ടുകൾ, രോഗം ഭേഗമായി ഡിസ്ചാർജ് ചെയ്യപ്പെട്ടവർ, വിദേശത്തു നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നും 7 ദിവസത്തിൽ താഴെ വന്നു പോകുന്നവർ എന്നിവർക്കും ക്വാറന്റീൻ വേണ്ട.

കണ്ടെയ്ൻമെന്റ് സോൺ
അവശ്യസേവന വിഭാഗങ്ങൾക്കും സർക്കാർ ജീവനക്കാരിൽ ഓഫിസ് മേധാവി അവശ്യപ്പെടുന്നവർക്കും ഒഴികെ ആർക്കും പുറത്തേക്കും തിരികെയും പോകാൻ അനുമതിയില്ല

സ്രവപരിശോധന
ക്വാറന്റീനിൽ കഴിയുന്നവർ രോഗ ലക്ഷണങ്ങൾ പ്രകടമായാൽ.
സംസ്ഥാനത്തിന് പുറത്തുനിന്നോ വിദേശത്തുനിന്നോ എത്തിയതിനു ശേഷം എട്ടാം ദിവസം
കോവിഡ് പോസിറ്റീവായ വ്യക്തിയുമായി അവസാന സമ്പർക്കം പുലർത്തിയതിന്റെ എട്ടാം ദിവസം.

Similar Articles

Comments

Advertismentspot_img

Most Popular