മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ വീട്ടുജോലിക്കാരൻ ദീപേഷ് സാവന്ത് മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി). സമൂഹത്തിലെ ഉന്നതരുമായി ഇടപാടുകൾ നടത്തിയിരുന്ന മയക്കുമരുന്ന് സംഘത്തിൽ ദീപേഷും സജീവമായിരുന്നുവെന്നാണ് എൻ.സി.ബി.യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻ.സി.ബി വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത ദീപേഷിനെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇയാളുടെ ഇടപാടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മയക്കുമരുന്ന് സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു.
അതേസമയം, സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെ ഞായറാഴ്ച മണിക്കൂറുകളോളം ചോദ്യംചെയ്തു. രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ വൈകീട്ട് ആറരയോടെയാണ് അവസാനിച്ചത്. തിങ്കളാഴ്ച വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ റിയ ചക്രവർത്തിയോട് എൻ.സി.ബി. ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ നേരത്തെ അറസ്റ്റിലായ റിയയുടെ സഹോദരൻ ഷൗവിക്കിനെയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയെയും സെപ്റ്റംബർ ഒമ്പത് വരെ എൻ.സി.ബി.യുടെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.
Leave a Comment