കോവിഡ് മരണനിരക്ക് കുറയ്ക്കല്‍ ലക്ഷ്യം; മാര്‍ഗനിര്‍ദേശം നല്‍കാൻ കേന്ദ്രസംഘം

ന്യൂഡൽഹി : കോവിഡ് മരണനിരക്ക് കുറയ്ക്കല്‍ ലക്ഷ്യമിട്ട് കോവിഡ് വ്യാപന നിയന്ത്രണം, നിരീക്ഷണം, പരിശോധന, കാര്യക്ഷമമായ ചികിത്സ തുടങ്ങി പൊതുജനാരോഗ്യ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് ഉന്നതതല സംഘം സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കും. രോഗനിര്‍ണയവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ഫലപ്രദമായും സമയബന്ധിതമായും നേരിടുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്രസംഘം സംവിധാനങ്ങളൊരുക്കും.

ചണ്ഡിഗഡിലെ പിജിഐഎംഇആറില്‍ നിന്നുള്ള കമ്യൂണിറ്റി മെഡിസിന്‍ വിദഗ്ധനും എന്‍സിഡിസിയില്‍ നിന്നുള്ള എപ്പിഡെമിയോളജിസ്റ്റും ഉള്‍പ്പെടുന്നതാണ് രണ്ടംഗ കേന്ദ്രസംഘം. കോവിഡിനെതിരായ ഫലപ്രദമായ ഇടപെടലുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് ഈ സംഘങ്ങള്‍ പത്തു ദിവസം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ചെലവഴിക്കും.

കേന്ദ്രസംഘത്തെ ഉടൻ പഞ്ചാബിലേക്കും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലേക്കും അയയ്ക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. ആകെ 60,013 പേരാണ് പഞ്ചാബില്‍ രോഗബാധിതരായത്. ഇതില്‍ 15,731 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1739 പേര്‍ മരിച്ചു. ദശലക്ഷത്തില്‍ 37,546 പേരിലാണ് ടെസ്റ്റുകള്‍ നടത്തുന്നത് (ഇന്ത്യയുടെ ശരാശരി കണക്ക് നിലവില്‍ 34593.1 ആണ്).

ക്യുമുലേറ്റീവ്‌ പോസിറ്റിവിറ്റി നിരക്ക് 4.97%. ചണ്ഡിഗഡില്‍ 2,095 രോഗികളാണ് നിലവിലുള്ളത്. ആകെ രോഗികളുടെ എണ്ണം 5268. ദശലക്ഷത്തിലെ പരിശോധനകള്‍ 38,054 ആണ്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം വലിയ പിന്തുണയാണ് നല്‍കുന്നത്. മരണനിരക്കു കൂടുതലുള്ള ഇടങ്ങളില്‍ പ്രത്യേക സംഘങ്ങളെയും അയയ്ക്കുന്നു.

കഴിഞ്ഞ മാസങ്ങളില്‍ നിരവധി സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്രസംഘം എത്തുകയും നേരിടുന്ന വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും കുറിച്ച് മനസ്സിലാക്കാന്‍ പ്രദേശത്തെ ആരോഗ്യ സംവിധാനവുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. മഹാമാരിയുടെ പകര്‍ച്ചാശൃംഖല തകര്‍ക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനുമായി സമഗ്രമായ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഒരുശതമാനത്തില്‍ താഴെയാണ് മരണനിരക്ക്.

Similar Articles

Comments

Advertismentspot_img

Most Popular