എന്‍.ഐ.എ. എത്തും മുന്‍പേ ഫൈസല്‍ മുങ്ങി; ദുബായില്‍ പോയ അന്വേഷണ സംഘം വെറും കൈയ്യോടെ മടങ്ങി

കൊച്ചി: നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത്‌ കേസ്‌ അന്വേഷണത്തിനായി ദുബായില്‍പോയ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) സംഘത്തിന്‌ പ്രതിയായ ഫൈസല്‍ ഫരീദ്‌ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ല.

തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍, അറ്റാഷെ എന്നിവരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാനും ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവരെയും കാണാന്‍ കഴിഞ്ഞില്ല. ദുബായ്‌ അധികൃതരുടെ അനുമതി ലഭിച്ചശേഷം സംഘം വീണ്ടും അവിടേക്കുപോകും. ഡല്‍ഹിയില്‍നിന്നുള്ള ഉദ്യോഗസ്‌ഥരായിരുന്നു സംഘത്തിലുണ്ടായിരുന്നത്‌. ഇവര്‍ മടങ്ങിയെത്തി.

എന്‍.ഐ.എ. സംഘമെത്തുന്നതിനു മുമ്പേ ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍പോയെന്നോ മറ്റു രാജ്യങ്ങളിലേക്കു കടന്നെന്നോ സംശയമുണ്ട്‌. ഇയാള്‍ കസ്‌റ്റഡിയിലുണ്ടെന്നു ദുബായ്‌ പോലീസ്‌ സ്‌ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉന്നത ഇടപെടല്‍ ആവശ്യമാണെന്ന പ്രതികരണമാണു ദുബായ്‌ അധികൃതരില്‍നിന്നു ലഭിച്ചത്‌. പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയ വിവരമറിഞ്ഞതോടെ ദുബായ്‌ പോലീസ്‌ എത്തും മുമ്പേ ഫൈസല്‍ ഒളിവില്‍ പോയെന്നു കരുതുന്നു.

പിടിയിലായാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നതിനാല്‍, ശിക്ഷാ കാലാവധി കഴിയുംവരെ ഇന്ത്യയിലേക്കു കയറ്റിവിടുന്നത്‌ ഒഴിവാക്കാനുമാകും. കോണ്‍സുല്‍ ജനറലും അറ്റാഷെയും യു.എ.ഇയിലെ രാജകുടുംബവുമായി അടുത്തബന്ധമുള്ളവരാണ്‌. ഇവരുടെ സഹായത്തോടെ ഫൈസലും മറ്റുള്ളവരും യു.എ.ഇയില്‍നിന്നു മുങ്ങിയിരിക്കാമെന്ന സംശയമുണ്ട്‌.

കേസിലെ മൂന്നാം പ്രതിയാണ്‌ ഫൈസല്‍ ഫരീദ്‌. 21 തവണ സ്വര്‍ണം കടത്തിയതില്‍ അവസാനത്തെ രണ്ടുതവണ സ്വര്‍ണം കയറ്റിവിട്ടത്‌ ഇയാളാണ്‌. കൂടാതെ നിരവധിപേര്‍ സ്വര്‍ണം കയറ്റിവിട്ടതായി തെളിഞ്ഞിട്ടുണ്ട്‌.
ദുബായിലെത്തിയ എന്‍.ഐ.എ. സംഘം ഇന്ത്യന്‍ എംബസിയിലെത്തി സ്വര്‍ണക്കടത്തിന്റെ വിശദാംശങ്ങളും മറ്റു പ്രതികളുടെ ചിത്രമടങ്ങിയ ഫയലും കൈമാറി. ദുബായ്‌ അധികൃതര്‍ സഹകരിച്ചാല്‍ മാത്രമേ എന്‍.ഐ.എക്ക്‌ അവിടെയെത്തി അന്വേഷണം നടത്താനാകൂ.

കോണ്‍സുല്‍ ജനറലും അറ്റാഷെയും പലകാര്യങ്ങളും മറയ്‌ക്കുന്നുണ്ടെന്നാണു സൂചന. യു.എ.ഇ. പൗരന്മാര്‍ക്കെതിരേ കേസെടുക്കാതെതന്നെ അവരില്‍നിന്നു വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ എന്‍.ഐ.എ. സംഘം ഇന്ത്യന്‍ എംബസി വഴി ദുബായ്‌ അധികൃതരെ അറിയിച്ചിട്ടുണ്ട്‌. ആരോപണവിധേയരായ കോണ്‍സുല്‍ ജനറലിനെയും അറ്റാഷെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥരെ ഇനി ഇന്ത്യയിലേക്ക്‌ അയയ്‌ക്കില്ലെന്നാണു സൂചന. ഇവര്‍ക്കു പകരം പുതിയ ആളുകളായിരിക്കും കോണ്‍സുലേറ്റിലേക്കെത്തുക.

സ്വര്‍ണക്കടത്തില്‍ കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്‌ക്കും വിഹിതം നല്‍കിയിട്ടുണ്ടെന്നാണു പിടിയിലായ പ്രതികളുടെ മൊഴി. ലൈഫ്‌ മിഷനും യു.എ.ഇ. റെഡ്‌ ക്രസന്റും ചേര്‍ന്നു നടപ്പാക്കുന്ന പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ടു കോണ്‍സുല്‍ ജനറല്‍ 3.80 കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയതായി നിര്‍മാണ കമ്പനിയായ യൂണിടാകിന്റെ ഉടമയും മൊഴി നല്‍കിയിരുന്നു.

pathram:
Related Post
Leave a Comment