സ്വപ്‌ന ബംഗളൂരില്‍ അറസ്റ്റിലായ ദിവസം അനൂപ് നിരവധി തവണ രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ വിളിച്ചു

ലഹരിമരുന്നു കേസിൽ ബെംഗളൂരുവിൽ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ ബെംഗളൂരുവിൽ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ട്.

ടെലിവിഷൻ സീരിയൽ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും മറ്റൊരു മലയാളിയായ ആർ.രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലാകുന്നത്.

സ്വർണക്കടത്തു പിടിക്കപ്പെട്ട ഉടൻ കുടുംബത്തോടൊപ്പം ഒളിവിൽപോയ സ്വപ്നയും ഇവർക്കൊപ്പം കൂടിയ സന്ദീപ് നായരും എന്തുകൊണ്ടാണ് ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാൻ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകിയിട്ടില്ല. കൊച്ചിയിൽ നിന്നു സന്ദീപിന്റെ വാഹനത്തിൽ കർണാടക അതിർത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടർന്നതായി സ്വപ്ന മൊഴി നൽകിയിരുന്നു.

കൊച്ചിയിലെ ലഹരി പാർട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു. ഒരു വർഷം മുൻപാണു താവളം ബെംഗളൂരുവിലേക്കു മാറ്റിയത്. സ്വർണക്കടത്തിനു കൂടുതൽ പണം സ്വരൂപിക്കാൻ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയതിനു ശേഷമാണു നയതന്ത്ര പാഴ്സൽ വഴി സ്വർണം കടത്തുന്ന വിവരം ചോർന്നതെന്നു പ്രതികൾ പലരും മൊഴി നൽകിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular