ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ തുരങ്കം; പാകിസ്താന്‍ മുദ്രകളുള്ള മണല്‍നിറച്ച പത്തോളം പ്ലാസ്റ്റിക് ചാക്കുകളും കണ്ടെത്തി

ശ്രീനഗര്‍: ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെ തുരങ്കം കണ്ടെത്തി. ജമ്മുവിലെ സാംബ സെക്ടറില്‍ ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെയാണ് തുരങ്കം കണ്ടെത്തിയതതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് തുരങ്കം കണ്ടെത്തിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായകമാകുന്ന ഇത്തരം നിര്‍മിതികള്‍ മേഖലയില്‍ ഇനിയുമുണ്ടോ എന്നറിയാന്‍ ബി.എസ്.എഫ്. വ്യാപക പരിശോധനയും നടത്തി. ഇന്ത്യയുടെ ഭാഗത്തെ അതിര്‍ത്തിവേലിയില്‍നിന്ന് 50 മീറ്റര്‍ ദൂരത്താണ് തുരങ്കം കണ്ടെത്തിയത്. തുരങ്കമുഖത്തിന് 25 അടി താഴ്ചയുള്ളതായാണ് സൂചന.

തുരങ്കമുഖത്ത് മണല്‍നിറച്ച പത്തോളം പ്ലാസ്റ്റിക് ചാക്കുകളും കണ്ടെത്തിയിട്ടുണ്ട്. ഈ ചാക്കുകള്‍ക്കു മുകളില്‍ പാകിസ്താന്‍ മുദ്രകളുള്ളതായും അധികൃതര്‍ അറിയിച്ചു. കറാച്ചി, ശങ്കര്‍ഗഢ് എന്നിങ്ങനെയാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ എഴുതിയിരിക്കുന്നത്. ചാക്കുകളില്‍ അവ നിര്‍മിച്ച തിയതിയും കാലാവധി അവസാനിക്കുന്ന തിയതിയും നല്‍കിയിട്ടുണ്ട്. ഇത് നല്‍കുന്ന സൂചന പ്രകാരം ഇവ ഈയടുത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കണ്ടെത്തിയ ടണലില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെയാണ് പാകിസ്താന്റെ ബോര്‍ഡര്‍ പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.

പാകിസ്താനില്‍നിന്ന് ആരംഭിക്കുന്ന തുരങ്കം, ജമ്മുവിലെ സാംബയിലാണ് അവസാനിക്കുന്നതെന്ന് ജമ്മു ബി.എസ്.എഫ്. ഐ.ജി. എന്‍.എസ്. ജംവാലിനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. മണല്‍ച്ചാക്കുകളില്‍ പാകിസ്താന്റെ മുദ്രകളുണ്ട്. ഇത് വ്യക്തമാക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും വൈദഗ്ധ്യത്തോടെയുമാണ് തുരങ്കം നിര്‍മിച്ചിട്ടുള്ളത് എന്നാണ്. പാകിസ്താനി റേഞ്ചര്‍മാരുടെയും മറ്റ് ഏജന്‍സികളുടെയും അനുമതിയും സഹായവുമില്ലാതെ ഇത്തരത്തില്‍ ഒരു വലിയ തുരങ്കം നിര്‍മിക്കാന്‍ സാധിക്കില്ലെന്നും ജംവാല്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7