സുശാന്തിനെതിരെ മി ടൂവുമായി റിയ

മുംബൈ : നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി കാമുകി റിയ ചക്രവര്‍ത്തി. ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ലഹരി ഇടപാട്, സുശാന്തിന്റെ സ്റ്റാഫിനെ മാറ്റല്‍, മോര്‍ച്ചറി സന്ദര്‍ശനം, ബോളിവുഡ് മാഫിയ, മുംബൈ പൊലീസിന്റെ ഇടപെടല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റിയ വ്യക്തമാക്കിയത്. അവരുടെ വാക്കുകളിലൂടെ…

എന്റെ ഫോണില്‍ ‘എയു’ എന്ന പേരില്‍ സേവ് ചെയ്തിരുന്നത് ആദിത്യ ഉദ്ധവ് താക്കറെയുടെ നമ്പറാണെന്ന് ആരോപണമുണ്ടായിരുന്നു. പക്ഷേ അത് അനായ ഉദ്ധാസ് എന്ന എന്റെ സുഹൃത്താണ്. ആദിത്യയെ ഇന്നേവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണ്‍ നമ്പറും ഇല്ല. ഉണ്ടെങ്കില്‍ എനിക്കു സംരക്ഷണം തരാന്‍ പൊലീസിനോട് ആവശ്യപ്പെടില്ലല്ലോ. എനിക്ക് ഒരു രാഷ്ട്രീയക്കാരനെയും അറിയില്ല. മുംബൈ പൊലീസ് കേസ് അന്വേഷിച്ചപ്പോള്‍ എനിക്ക് ഒരു പ്രത്യേക പരിഗണനയും നല്‍കിയില്ല. വളരെ കഠിനമായിത്തന്നെയായിരുന്നു ചോദ്യങ്ങള്‍ ചോദിച്ചത്.

ഒരു ബോളിവുഡ് മാഫിയയുമായും എനിക്ക് ബന്ധമില്ല. എന്റെ പിതാവ് 25 വര്‍ഷം സൈന്യത്തിലായിരുന്നു. അമ്മ വീട്ടമ്മയാണ്. അവരിപ്പോള്‍ സമ്മര്‍ദം താങ്ങാനാകാതെ ആശുപത്രിയിലാണ്. സഹോദരനു കോളജില്‍ പോകാനാകുന്നില്ല. മിഡില്‍ ക്ലാസ് കുടുംബമാണ് എന്റേത്. എനിക്കും ഞാനുമായി ബന്ധമുള്ളവര്‍ക്കും ദിവസവും ഒട്ടേറെ ഭീഷണി സന്ദേശങ്ങളാണു വരുന്നത്. കൊലപ്പെടുത്തും, ബലാത്സംഗം ചെയ്യും എന്നെല്ലാമാണ് ഭീഷണി. എന്റെയും സുഹൃത്തുക്കളുടെയും ഫോണ്‍ നമ്പരുകള്‍ വരെ പരസ്യപ്പെടുത്തുന്നു. ഇഡി ഉദ്യോഗസ്ഥരെ വിശ്വസിച്ചു നല്‍കിയ വാട്‌സാപ് സന്ദേശങ്ങള്‍ വരെ ചോര്‍ന്നു. സുശാന്ത് അനുഭവിച്ചത് എന്താണെന്ന് എനിക്കിപ്പോള്‍ ശരിക്കും മനസ്സിലാകുന്നുണ്ട്.

ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ വീട്ടില്‍നിന്നു തിരികെ വന്നത്. ജൂണ്‍ 8 മുതല്‍ 14 വരെ ഒന്നും സംസാരിച്ചില്ല. ഒന്‍പതിന് ഒരു സന്ദേശം വന്നിരുന്നു. അപ്പോഴും സംസാരിക്കാനോ തിരികെ വരണമെന്ന് ആവശ്യപ്പെടാനോ തയാറായില്ല. സുശാന്ത് എന്നെ ഉപേക്ഷിച്ചുവെന്നുതന്നെ കരുതി. ഒന്‍പതിന് സുശാന്തിനെ ബ്ലോക്ക് ചെയ്തു. പിറ്റേന്ന് സഹോദരനോട് സന്ദേശമയച്ചും എന്റെ സുഖവിവരം തേടിയിരുന്നു. ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിലും സുശാന്ത് ഉണ്ടായിരുന്നു. ഈ സമയങ്ങളിലെല്ലാം സഹോദരിയും സുശാന്തിനൊപ്പമുണ്ടായിരുന്നു. ജൂണ്‍ 14ന് ഉച്ചയ്ക്ക് രണ്ടിന് ഒരു സുഹൃത്ത് വിളിച്ചു. ഞാന്‍ സഹോദരനൊപ്പം മുറിയിലായിരുന്നു. സുശാന്ത് മരിച്ചെന്ന രീതിയില്‍ ഒരു അഭ്യൂഹം പരക്കുന്നുണ്ടെന്നാണ് സുഹൃത്ത് പറഞ്ഞത്. സാധിക്കുമെങ്കില്‍ സുശാന്തിനോട് ഒരു പ്രസ്താവന ഇറക്കാനും പറഞ്ഞു. അത്തരമൊരു അഭ്യൂഹം എങ്ങനെ വന്നു? സെക്കന്‍ഡുകള്‍ക്കകം അതു സത്യമാണെന്നു തെളിഞ്ഞു

മൃതദേഹം കാണാന്‍ ഞാന്‍ ആ വീട്ടില്‍ പോയില്ല. സംസ്‌കാര ചടങ്ങിനുള്ളവരുടെ പട്ടികയിലും എന്റെ പേര് ഇല്ലായിരുന്നു. ഞാന്‍ വരരുതെന്ന് കുടുംബാംഗങ്ങള്‍ ആഗ്രഹിച്ചു. ചലച്ചിത്ര ലോകത്തെ എല്ലാവരെയും അവര്‍ വിളിച്ചു. പക്ഷേ ഞാന്‍ മാത്രമില്ല. വീട്ടിലേക്കു പോകാന്‍ ഒരുങ്ങിയതാണ്. പക്ഷേ വന്നാല്‍ പ്രശ്‌നമാകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അങ്ങനെയാണ് മോര്‍ച്ചറിയില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ആംബുലന്‍സിലേക്കെടുക്കുന്ന നിമിഷനേരത്തേക്ക് സുശാന്തിനെ കാണാനായത്. ആ കാലില്‍ തൊട്ട് ഞാന്‍ മാപ്പു പറഞ്ഞു. എന്തിനായിരുന്നു ആ മാപ്പു പറച്ചിലെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ‘എല്ലാവരും നിന്റെ മരണത്തെ തമാശയാക്കുന്നു. നീ മരിക്കരുതായിരുന്നു. എന്നോട് ക്ഷമിക്കണം…’ എന്നാണു ഞാന്‍ പറഞ്ഞത്. ജൂണ്‍ എട്ടിന് ആ വീട് വിട്ടു ഞാന്‍ പോയിരുന്നില്ലെങ്കിലെന്നു പോലും ആ നിമിഷം ആഗ്രഹിച്ചു. പക്ഷേ അതങ്ങനെ സംഭവിച്ചു പോയി..

സുശാന്തിന്റെ സ്റ്റാഫിനെ ഞാന്‍ മാറ്റിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. ഹൗസ് മാനേജരെ പ്രിയങ്കയാണ് ഏര്‍പ്പാടാക്കിയത്. പാചകക്കാരനെയും ക്ലീനറെയും എല്ലാം സുശാന്ത് ഏര്‍പ്പാടാക്കിയതാണ്. ഇവരെയൊന്നും ഞാന്‍ മാറ്റിയിട്ടില്ല. എനിക്കെതിരെ ആരോപണമുന്നയിച്ച സന്ദീപ് സിങ് എന്ന സുശാന്തിന്റെ സുഹൃത്തിനെപ്പറ്റിയും ഇന്നേവരെ ഞാന്‍ കേട്ടിട്ടില്ല. ഞാന്‍ എട്ട് ഹാര്‍ഡ് ഡ്രൈവിലെ ഡേറ്റ നശിപ്പിച്ചു കളഞ്ഞെന്നാണ് മറ്റൊരു ആരോപണം. ഇതെല്ലാം അടിസ്ഥാനരഹിതമാണ്. സ്വന്തം കരിയറിനായി സുശാന്തിനെ ഉപയോഗപ്പെടുത്തിയെന്നതാണ് ഇനിയൊരു ആരോപണം. എന്നാല്‍ എന്നെ നായികയും സുശാന്തിനെ നായകനുമാക്കി ഒരു സിനിമ ചെയ്യണമെന്ന് സംവിധായകന്‍ റൂമി ജെഫ്രിയോട് ആവശ്യപ്പെട്ടത് സുശാന്ത് തന്നെയായിരുന്നു! അതിന്റെ ചര്‍ച്ചകളും മുന്നോട്ടു പോയതാണ്. ലോക്ഡൗണിനിടെയാണു ചര്‍ച്ച നിന്നുപോയത്.

2017ല്‍ ഗൗരവ് ആര്യയെന്ന ലഹരിമരുന്ന് ഇടപാടുകാരനുമായി ഞാന്‍ സംസാരിച്ചെന്നാണു പറയുന്നത്. പക്ഷേ സംഭാഷണത്തില്‍ പറയുന്ന എംഡിഎംഎ എന്നല്ല ഒരു ലഹരിവസ്തുവും ഞാനിന്നേവരെ ഉപയോഗിച്ചിട്ടില്ല. 2019 ല്‍ ജയ എന്ന വ്യക്തിയുമായി കഞ്ചാവ് ഓയിലിനെപ്പറ്റി സംസാരിച്ചെന്നും പറയുന്നു. പക്ഷേ അത്തരമൊരു സംഭാഷണം ഞാന്‍ നടത്തിയിട്ടില്ല. ജയയുമായി സുശാന്തിന് എന്തോ ഇടപാട് ഉണ്ടായിരുന്നു. അത് എന്റെ ഫോണിലൂടെയാണു നടത്തിയിരുന്നത്. ഇപ്പോള്‍ ലഹരി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണം നടക്കുന്നതിനാല്‍ അതിനെപ്പറ്റി കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ കാണുന്നതിനു മുന്‍പുതന്നെ സുശാന്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഞാന്‍ തടയാന്‍ ഏറെ ശ്രമിച്ചു. പക്ഷേ സ്വന്തം കാര്യം സ്വയം തീരുമാനിക്കാവുന്ന മനുഷ്യനാണ്. കഞ്ചാവ് ഉപയോഗം കുറയ്ക്കാന്‍ പല തവണ പറഞ്ഞു. പക്ഷേ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. ഞാനൊരിക്കലും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട ഏതു പരിശോധനയ്ക്കും ഞാന്‍ തയാറുമാണ്.

2018ല്‍ സഞ്ജന സാംഘ്വി എന്ന നടിയില്‍നിന്ന് സുശാന്ത് ‘മി ടൂ’ ആരോപണം നേരിട്ടിരുന്നു. പലരും അത് സത്യമാണെന്നു പോലും കരുതി. എന്നാല്‍ ഒന്നര മാസം കഴിഞ്ഞപ്പോള്‍ സഞ്ജന തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഈ ആരോപണം അദ്ദേഹത്തെ ഏറെ വേട്ടയാടിയിരുന്നു. രോഹിണി അയ്യര്‍ എന്ന വനിതയുമായും ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവര്‍ ഇടയ്ക്ക് സന്ദേശമയയ്ക്കുന്നതു പോലും സുശാന്തിനെ ആശങ്കപ്പെടുത്തിയിരുന്നു.

സുശാന്തിന്റെ മാനേജരായിരുന്ന ദിഷയുടെ മരണവുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടെങ്കില്‍ അതും അന്വേഷണത്തിലൂടെ പുറത്തുവരണം. ദിഷയെ ഒരിക്കല്‍ മാത്രമാണു ഞാന്‍ കണ്ടിട്ടുള്ളത്. മറ്റു ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. 10 മിനിറ്റ് മാത്രമാണ് ആകെ സംസാരിച്ചിട്ടുള്ളത്. അതും തൊഴില്‍പരമായ കാര്യങ്ങള്‍ മാത്രം. പിന്നീട് സുശാന്തിന് പുതിയ മാനേജര്‍ വരികയും ചെയ്തു.

റിയ വന്നതിനു ശേഷം സുശാന്ത് ആകെ മാറിപ്പോയെന്നാണ് മുന്‍ കാമുകി അങ്കിത പറഞ്ഞത്. നാലു വര്‍ഷം മുന്‍പാണ് അങ്കിത അവസാനമായി സുശാന്തിനോടു സംസാരിച്ചത്. ഇത്തരം ആരോപണങ്ങളിലൂടെ എന്തു സ്ഥാപിച്ചെടുക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നു മനസ്സിലാകുന്നില്ല. സുശാന്തിന്റെ ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന സിദ്ധാര്‍ഥിനെയും പലരും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഒ.പി. സിങ് വിളിച്ചെന്നും 12 കോടി രൂപ റിയ സുശാന്തില്‍നിന്നു കൊണ്ടുപോയെന്നു പറയണമെന്ന് ആവശ്യപ്പെട്ടെന്നും എന്നോടു വ്യക്തമാക്കിയിരുന്നു. ഹൈദരാബാദുകാരനായ പാവമൊരു പയ്യനാണ് സിദ്ധാര്‍ഥ്. ശാന്ത സ്വഭാവം കാരണം ‘ബുദ്ധ’ എന്നാണു വിളിപ്പേര്. സുശാന്തിന്റെ നല്ല സുഹൃത്തുമായിരുന്നു.

സുശാന്തിനു പലപ്പോഴും അസ്തിത്വ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ജീവിച്ചിരിക്കുന്നതിന്റെ നിരര്‍ഥകതയെപ്പറ്റിയൊക്കെ സംസാരിക്കും. പക്ഷേ താനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍പോലും എന്നെ ശാരീരികമായി സുശാന്ത് ഉപദ്രവിച്ചിട്ടില്ല. ഞാന്‍ വീടു വിട്ട ജൂണ്‍ 8 മുതല്‍ 14 വരെ എന്തു സംഭവിച്ചെന്ന് അറിയണം. സുശാന്തിനൊപ്പം സഹോദരിയും ഉണ്ടായിരുന്നു. ജൂണ്‍ 14ന് എന്താണു സംഭവിച്ചത്? സത്യമറിയാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും ഞാനാണ്. ഇഡിയിലും മുംബൈ പൊലീസിലും സിബിഐയിലും വിശ്വാസമുണ്ട്. എന്നെ ക്രൂശിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.

ചിലര്‍ പറയുന്നു ഞാന്‍ മന്ത്രവാദിനിയാണെന്ന്. പക്ഷേ ഡിപ്രഷന്‍ പോലൊരു പ്രശ്‌നം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയല്ലാതെ ഞാനെന്തു ചെയ്യണമായിരുന്നു? ഒരു ചെറുപ്പക്കാരനെ പ്രേമിച്ച പെണ്‍കുട്ടി മാത്രമാണ് ഞാന്‍. ‘ജസ്റ്റിസ് ഫോര്‍ സുശാന്ത്’ പോലെ ‘ജസ്റ്റിസ് ഫോര്‍ റിയ’ ക്യാംപെയ്‌നും വരണം. സുശാന്തിനു നീതി തേടിയുള്ള അന്വേഷണം ഇനിയും തുടരും, വിജയിക്കുകയും ചെയ്യും. അത് എന്നെപ്പോലെ വേട്ടയാടപ്പെടുന്ന പെണ്‍കുട്ടികള്‍ക്കു കൂടി വേണ്ടിയാണ്.

എന്റെയുള്ളിലെ സത്യമാണ് ജീവിക്കാനുള്ള പ്രചോദനം നല്‍കുന്നത്. പലപ്പോഴും കുടുംബത്തോടെ ആത്മഹത്യയെപ്പറ്റി പോലും ആലോചിച്ചു. ഇന്നു പലരും എന്നെ ലഹരി ഇടപാടുകാരിയാക്കി, നാളെ കൊലപാതകി. ഇനി എന്താകും? ഇന്ന് ആരോപണം ഉന്നയിക്കുന്ന ആരും സുശാന്ത് ജീവിച്ചിരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നോര്‍ക്കണം. സുശാന്തിന് നീതി ലഭിക്കും. അതിനു വേണ്ടി അവസാനം വരെ പോരാടും റിയ പറഞ്ഞു നിര്‍ത്തി.

pathram:
Related Post
Leave a Comment