ലഹരിമരുന്നു വേട്ട: സിനിമാ താരങ്ങളടക്കം നിരീക്ഷണത്തിൽ

ന്യൂഡൽഹി: കർണാടകയിൽ കഴിഞ്ഞ ദിവസം നടത്തിയ വൻ ലഹരിമരുന്നു വേട്ടയ്ക്കു പിന്നാലെ അന്വേഷണം ചലച്ചിത്ര മേഖലയിലേക്കും. ചില പ്രമുഖ സംഗീത‍ജ്ഞരും നടന്മാരും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ബെംഗളൂരുവിലെ കല്യാൺ നഗറിലുള്ള റോയൽ സ്യൂട്ട്സ് ഹോട്ടലിൽനിന്ന് ഈ മാസം 21ന് 145 എക്സ്റ്റസി അഥവാ എംഡിഎംഎ ഗുളികകളും 2.20 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.

തുടരന്വേഷണത്തിൽ 96 എംഡിഎംഎ ഗുളികകളും 180 എൽഎസ്ഡി സ്റ്റാംപും ബെംഗളൂരുവിലെ തന്നെ നികൂ ഹോംസിൽനിന്നു പിടിച്ചെടുത്തുവെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡപ്യൂട്ടി ഡയറക്ടർ (ഓപ്പറേഷൻസ്) കെ.പി.എസ്. മൽഹോത്ര വാർത്താക്കുറിപ്പിൽ അറിയിച്ചു. ലഹരിമരുന്നു റാക്കറ്റിലെ പ്രധാനിയായ ഒരു സ്ത്രീയുടെ വീട്ടിൽനിന്ന് 270 എംഡിഎംഎ ഗുളികകളാണ് കണ്ടെത്തിയത്. കേസിൽ‍ എം.അനൂപ്, ആർ.രവീന്ദ്രൻ, ഡി.അനിഖ എന്നിവർ അറസ്റ്റിലായിരുന്നു. ചില പ്രമുഖ സംഗീതജ്ഞരും നടന്മാരുമടക്കമുള്ള ഉന്നതർക്കും കോളജ് വിദ്യാർഥികൾ അടക്കമുള്ള യുവാക്കൾക്കും ഇവർ ലഹരിമരുന്ന് എത്തിച്ചിരുന്നതായാണ് വിവരം.ഇവരിൽ പലരും നിരീക്ഷണത്തിലാണ്.

ലഹരിമരുന്നു വിതരണവുമായി ബന്ധപ്പെട്ട് കെ.റഹ്മാൻ എന്നയാളെ ഫെ‍ഡറൽ നാർക്കോട്ടിക്സ് ഏജൻസി ഈ മാസം ആദ്യം അറസ്റ്റു ചെയ്തിരുന്നു.തന്റെ കോളജിലെയും സമീപത്തെയും വിദ്യാർഥികൾക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ വിതരണം ചെയ്തിരുന്നത് ഇയാളായിരുന്നെന്ന് എൻസിബി അറിയിച്ചു. ലഹരിമരുന്നിനുള്ള ഓർഡർ ഓൺലൈനായി സ്വീകരിച്ചിരുന്ന ഇയാൾ പ്രതിഫലം ബിറ്റ്കോയിനായാണ് വാങ്ങിയിരുന്നത്. ലഹരിമുരുന്നു കടത്തു സംഘത്തിന്റെ ഭാഗമായ ദമ്പതിമാരെ എൻസിബി കുറച്ചുനാൾ മുമ്പ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ഗുരുതരമായ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന രാസ ലഹരിമരുന്നാണ് മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ. എക്സ്റ്റസി, മോളി, എക്‌സ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകും എന്നതാണ് പ്രത്യേകത. ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാർട്ടികളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. ഒരു ഗുളികയ്ക്ക് 1500 മുതൽ 2500 വരെ രൂപ വിലവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular