തിരുവനന്തപുരം: കേരള ഭരണത്തിന്റെ ചരിത്രമുറങ്ങുന്ന, 151 വര്‍ഷം പഴക്കമുള്ള സെക്രട്ടേറിയറ്റ് കെട്ടിടത്തിനു തീപിടിക്കുന്നത് ആദ്യമായല്ല. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍പും തീപിടിത്തമുണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ.
2006ല്‍ ലാവ്ലിന്‍ ഫയലുകള്‍ തേടി സിബിഐ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്ന് എന്‍ഐഎയും ഇഡിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരാഞ്ഞ ഘട്ടത്തിലാണ് ഇപ്പോള്‍ തീപിടിത്തമുണ്ടായത്. കന്റോണ്‍മെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിലേക്കു കയറുമ്പോള്‍ പഴയ നിയമസഭാ മന്ദിരം കഴിഞ്ഞ് നോര്‍ത്ത് ബ്ലോക്ക് ആരംഭിക്കുന്നയിടത്ത് ഒന്നാം നിലയിലാണ് 2006ല്‍ ചെറിയ തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു കാരണം. ഇതിനു താഴത്തെ നിലയിലാണ് സെക്രട്ടേറിയറ്റിലെ ഫയലുകള്‍ സൂക്ഷിക്കുന്ന റെക്കോര്‍ഡ് റൂം.
ലാവ്ലിന്‍ കേസ് ആദ്യം അന്വേഷിച്ച വിജിലന്‍സ് സംഘത്തിന് ഊര്‍ജവകുപ്പിലെ ചില പ്രധാന ഫയലുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തിയെങ്കിലും ഫയല്‍ കണാനില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഫയല്‍ സെക്രട്ടേറിയറ്റില്‍ വീണ്ടും ‘പ്രത്യക്ഷപ്പെട്ടെന്ന’ വിവരം ലഭിച്ചതിനെത്തുടര്‍ന്നു സിബിഐ സംഘം രാവിലെ സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ് റൂമിലെത്തി ചുമതലയുള്ള അണ്ടര്‍ സെക്രട്ടറിയോട് വിവരങ്ങള്‍ ആരാഞ്ഞു. 4 മണിക്കുള്ളില്‍ ഫയല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സംഘം മടങ്ങിയതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. നാശനഷ്ടങ്ങളുണ്ടായില്ല. പിന്നീട് ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അനുവാദത്തോടെ സിബിഐക്കു കൈമാറി
രണ്ടു കൊല്ലം മുന്‍പ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഓഫിസിലും തീപിടിത്തമുണ്ടായി. ഇപ്പോള്‍ തീപിടിത്തമുണ്ടായതിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഈ ഓഫിസ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം തീപിടിക്കാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടി വിവിധ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ദര്‍ബാര്‍ ഹാള്‍ ഉള്‍പ്പെടുന്ന പ്രധാന കെട്ടിടം അതേപടി നിലനിര്‍ത്തി, ബലപ്പെടുത്തി, നവീകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. 1869 ജൂലൈ എട്ടിനാണ് ആയില്യം തിരുനാള്‍ മന്ദിരം ഉദ്ഘാടനം ചെയ്തത്.