ധോണിക്ക് മാത്രം പോരാ, ഞങ്ങള്‍ക്കും വേണം വിരമിക്കല്‍ മത്സരം; ഫെയര്‍വെല്‍ ടീം താരങ്ങളുടെ ലിസ്റ്റുമായി ഇര്‍ഫാന്‍ പഠാന്‍

വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്രസിങ് ധോണിക്കായി വിരമിക്കൽ മത്സരം ഒരുക്കുന്നതിനെക്കുറിച്ച് ചർച്ച ഉയരുമ്പോള്‍ അർഹിക്കുന്ന യാത്രയയപ്പ് ലഭിക്കാതെ കളമൊഴിഞ്ഞ താരങ്ങള്‍ക്കെല്ലാം കൂടി വിരമിക്കൽ മത്സരം സംഘടിപ്പിക്കുകയെന്ന ആശയം പങ്കുവച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ധോണിക്ക് യാത്രയയപ്പ് മത്സരം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ, വിരമിക്കൽ മത്സരം ലഭിക്കാതെ കളമൊഴിഞ്ഞ താരങ്ങളുടെ കാര്യവും വിഷയമാകാറുണ്ട്. ഇത് ഏറ്റുപിടിച്ചാണ് ധോണിക്കൊപ്പം വിരമിക്കൽ മത്സരം ലഭിക്കാതെ പോയ മറ്റു താരങ്ങൾക്കും ഒരുമിച്ച് വിരമിക്കൽ മത്സരം നടത്തുകയെന്ന നിർദ്ദേശം പഠാനും മുന്നോട്ടുവച്ചത്.

വീരേന്ദർ സേവാഗും പഠാനും ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിരമിക്കൽ മത്സരം ലഭിക്കാതെ പോയതിനു പിന്നിൽ ധോണിയുടെ ഇടപെടലുണ്ടെന്ന് വിമർശിക്കുന്ന ആരാധകർ ഒട്ടേറെയുണ്ട്. ഇതിനിടെയാണ് ധോണിക്കൊപ്പം അവർക്കും വിരമിക്കൽ മത്സരത്തിന് അവസരം വേണമെന്ന നിർദ്ദേശം ചൂടുപിടിക്കുന്നത്. വിരമിക്കൽ മത്സരം ലഭിക്കാതെ പോയ താരങ്ങളുടെ ഒരു ടീമിനെത്തന്നെ പഠാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ധോണി ഉൾപ്പെടെയുള്ളവർ പഠാന്റെ യാത്രയയപ്പ് ടീമിലുണ്ട്.

ക്രിക്കറ്റിൽനിന്ന് കളമൊഴിഞ്ഞ സമയത്ത് അർഹിച്ച യാത്രയയപ്പ് ലഭിക്കാതെ പോയ സീനിയർ താരങ്ങൾക്കുകൂടി വിരമിക്കൽ മത്സരത്തിന് അവസരം നൽകുന്ന കാര്യത്തെക്കുറിച്ച് ഒട്ടേറെപ്പേർ ചർച്ച ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ഇന്ത്യൻ ടീമും വിരമിച്ചവരുടെ ടീമും തമ്മിൽ ഒരു മത്സരം സംഘടിപ്പിച്ചാൽ വിരമിക്കൽ പ്രഖ്യാപിച്ചവർക്കു മാന്യമായ വിടവാങ്ങലും കിട്ടും; മത്സരത്തിൽനിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം’ – പഠാൻ പറഞ്ഞു.

ഗൗതം ഗംഭീർ, വീരേന്ദർ സേവാഗ്, രാഹുൽ ദ്രാവിഡ്, വി.വി.എസ്.ലക്ഷ്മൺ, യുവരാജ് സിങ്, സുരേഷ് റെയ്ന, എം.എസ്.ധോണി, ഇർഫാൻ പഠാൻ, അജിത് അഗാർക്കർ, സഹീർ ഖാൻ, പ്രഗ്യാൻ ഓജ എന്നിവരാണ് പഠാന്റെ ‘ഫെയർവെൽ’ ടീമിൽ ഉൾപ്പെട്ടവർ

pathram:
Related Post
Leave a Comment