വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താതെ, കൊറോണ വൈറസിനെതിരെ തങ്ങളുടെ സ്പുട്‌നിക് (Sputnik-V) വാക്‌സീന്‍ ഇറക്കാനുള്ള റഷ്യയുടെ പരാക്രമം ലോകത്തെ കൂടുതല്‍ അപകടത്തിലേക്കു തള്ളിവിടുമോ എന്ന ഭീതി പങ്കുവച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഭാഗികമായി മാത്രം ഗുണം ചെയ്യുന്ന ഒരു വാക്‌സീന്‍ ഇറക്കിയാല്‍ അത് വൈറസിന് ഉള്‍പ്പിരിവുകള്‍ (mutation) അല്ലെങ്കില്‍ ജനിതക മാറ്റം വരുത്താൻ ഇടയാക്കാമെന്നാണ് ചില വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. എല്ലാത്തരം വൈറസുകളും, സാര്‍സ്-കോവ്-2 ഉള്‍പ്പടെയുള്ളവ, നിരന്തരം ജനിതക മാറ്റത്തിനു വിധേയമാകുന്നു. സാധാരണഗതിയില്‍ ഇത് പേടിക്കേണ്ട കാര്യമല്ല.
റഷ്യയുടെ ഉടന്‍ അംഗീകരിക്കപ്പെടാന്‍ സാധ്യതയുള്ള കോവിഡ്-19 വാക്‌സീന്റെ ബൃഹത്തായ ടെസ്റ്റിങ് ഘട്ടത്തിലേക്കു കടക്കുകയാണ്. ഈ ഘട്ടത്തില്‍ 40,000 ലേറെ ആളുകളെ പങ്കെടുപ്പിച്ചായിരിക്കും പരീക്ഷണമെന്നു പറയുന്നു. ഇത് വിദേശ ഗവേഷകരുടെ നിരീക്ഷണത്തിലായിരിക്കും നടത്തുക എന്നും റഷ്യ പറയുന്നു. എന്നാല്‍, പരിപൂര്‍ണ സുരക്ഷ നല്‍കുമെന്ന് ഉറപ്പില്ലാത്ത ഒരു വാക്‌സീന്‍ കുത്തിവയ്ക്കുക വഴി, കൊറോണവൈറസ് എന്ന പകര്‍ച്ച രോഗാണുവിന് ‘പരിണാമ സമ്മര്‍ദ്ദം’ (evolutionary pressure) പകരുകയായിരിക്കില്ലേ ചെയ്യുക എന്ന ഉത്കണ്ഠ രേഖപ്പെടുത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാമെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്.
പരിപൂര്‍ണ സുരക്ഷ നല്‍കാത്ത വാക്‌സീനുകള്‍, വൈറസിനുമേല്‍ തിരഞ്ഞെടുക്കാനുള്ള സമ്മര്‍ദ്ദം (selection pressure) ചെലുത്തിയേക്കാം. വൈറസ് അതോടെ എന്തെങ്കിലും ആന്റിബോഡി ഉണ്ടെങ്കില്‍ അതിനെ അവഗണിക്കാന്‍ പഠിച്ചെടുത്തേക്കാം. തുടര്‍ന്ന് അതിന് ജനിതക മാറ്റം സംഭവിക്കുകയും, എല്ലാ വാക്‌സിനുകളില്‍ നിന്നും തന്ത്രപൂര്‍വം മാറിക്കളയാനുള്ള ശേഷി ആര്‍ജ്ജിക്കുകയും ചെയ്‌തേക്കാമെന്നാണ്, ബ്രിട്ടന്റെ റെഡിങ് യൂണിവേഴ്‌സിറ്റിയിലെ വൈറോളജി പ്രഫസർ ഇയന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍, ഗുണനിലവാരമില്ലാത്ത വാക്സീന്‍, കൂടുതൽ അപകടകരമാണ് എന്നാണ് ഇയന്‍ പറയുന്നത്.
സ്പുട്‌നിക് വാക്‌സീന്‍ വികസിപ്പിച്ചെടുത്തവരും അതിന് സാമ്പത്തിക സഹായം നല്‍കുന്നവരും റഷ്യന്‍ അധികാരികളും അവകാശപ്പെടുന്നത്, രണ്ടു മാസം നടത്തിയ പരീക്ഷണങ്ങളില്‍നിന്ന് അതു സുരക്ഷിതമാണെന്നു ബോധ്യപ്പെട്ടു എന്നാണ്. എന്നാല്‍, ഈ ടെസ്റ്റുകളുടെ ഫലങ്ങള്‍ പോലും ഇതുവരെ റഷ്യ പുറത്തുവിട്ടിട്ടില്ല എന്നതാണ് പല പാശ്ചാത്യ ശാസ്ത്രജ്ഞരെയും സംശയാലുക്കളാക്കിയിരിക്കുന്നത്. രാജ്യാന്തര തലത്തില്‍ ടെസ്റ്റ് ചെയ്യപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്യുന്നതിനു മുമ്പ് സ്പുട്‌നിക് വാക്‌സീന്‍ കുത്തിവയ്ക്കരുതെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്.
എന്നാല്‍, തങ്ങള്‍ പരീക്ഷണങ്ങളുമായി മുന്നേറുകയാണെന്നും 40,000 പേരിലെങ്കിലും വാക്സീൻ കുത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നുമാണ് റഷ്യയുടെ നിലപാട്. പരീക്ഷണം കൂടാതെ, ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവരടക്കം, അപകട മേഖലയിലുള്ളവരില്‍ കൂടി കുത്തിവയ്ക്കുമെന്നും അവര്‍ പറയുന്നു. പരീക്ഷണഘട്ടത്തിന്റെ കണ്ടെത്തലുകള്‍ക്കു കാത്തിരിക്കാതെ നടത്തുന്ന ഇത്തരം നീക്കങ്ങളാണ് പടിഞ്ഞാറന്‍ ഗവേഷകരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. ഫലപ്രദമായ ഒരു വാക്‌സീന്‍ കണ്ടെത്താനുള്ള ശ്രമത്തെ രാഷ്ട്രീയം തോല്‍പ്പിക്കുന്ന കാഴ്ചയാണ് റഷ്യന്‍ വാക്‌സീന്റെ കാര്യത്തില്‍ സംഭവിക്കുന്നത് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഒക്ടോബറില്‍ത്തന്നെ തങ്ങളുടെ പൗരന്മാരില്‍ സ്പുട്‌നിക് കുത്തിവയ്ക്കാനുള്ള റഷ്യയുടെ തീരുമാനം മറ്റു രാജ്യങ്ങളെയും സമ്മര്‍ദത്തിലാക്കും. പല രാജ്യങ്ങളും ഫലപ്രാപ്തി ഉറപ്പുവരുത്താത്ത വാക്‌സീനുകള്‍ ജനങ്ങളുടെമേല്‍ കുത്തിവയ്ക്കാന്‍ ഇറങ്ങിത്തിരിക്കുന്ന സ്ഥിതിവിശേഷമുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.
Leave a Comment