സ്വന്തം താത്പര്യം മാത്രം നോക്കി ഭാര്യമാരെ പ്രസവ മുറിയിലേക്ക് തള്ളി വിടും മുമ്പ്…. വായിച്ചിരിക്കേണ്ട കുറിപ്പ്

ഇന്ത്യൻ സംസ്‌കാരത്തിൽ പ്രത്യേകിച്ച് മലയാളി സമൂഹത്തിൽ ദാമ്പത്യ ബന്ധത്തിൽ പലപ്പോഴും സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കുന്നത്. എത്ര വിദ്യഭ്യാസം നേടി ജോലിയുള്ള സ്ത്രീ ആണെങ്കിലും വിവാഹം കഴിഞ്ഞ് വീട് നോക്കി കുടുംബിനിയായി ഒതുങ്ങണം. പിന്നീട് അവളുടെ ജീവിതം കുട്ടികളെ പ്രവസിക്കാനും ഭക്ഷണം പാകം ചെയ്യാനും മാത്രം ഉള്ളതാണ്. സമൂഹത്തെ ഒന്നാകെ ഇത്തരം പ്രവണതകളിൽ അടച്ചാക്ഷേപിക്കുന്നില്ലെങ്കിലും സമൂഹത്തിലെ നല്ലൊരു വിഭാഗവും ഈ മനസ്ഥിതിയുമായി ജീവിക്കുന്നവരാണ്. ഒന്നോ രണ്ടോ പ്രസവം കഴിയുമ്പോൾ തന്നെ പല സ്ത്രീകളിലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിത്തുടങ്ങും. ഈ പ്രസവങ്ങൾ സിസേറിയൻ കൂടിയാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ സ്ത്രീകൾ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിച്ച് സ്വാർത്ഥ താത്പര്യത്തിനായി വീണ്ടും ഭാര്യമാരെ പ്രസവമുറിയിലേക്ക് തള്ളിവിടുന്നവരുടെ കണ്ണ് തുറപ്പിക്കുകയാണ് എഴുത്തുകാരി സൗമ്യ രാധ വിദ്യാധറിന്റെ കുറിപ്പ്. നടനും തിരക്കഥാകൃത്തുമായ ആര്യൻ കൃഷ്ണ മേനോന്റെ ഭാര്യയാണ് സൗമ്യ.

അഖിൽ എം വേലായുധൻ എന്ന ഡോക്ടർ എഴുതിയ അനുഭവ കുറിപ്പാണ് സൗമ്യയെ സിസേറിയനും തുടർന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും തുറന്നെഴുതാൻ പ്രേരിപ്പിച്ചത്.

ഡോ.അഖിലിന്റെ പോസ്റ്റ് ഇങ്ങനെ :

ഒരു cliche സ്റ്റോറി !
കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ വന്ന ഒരു ഗർഭിണി, ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ G5P4L4, Previous 4 Cs. എന്നു വച്ചാൽ അഞ്ചാമത്തെ ഗർഭം, ആദ്യത്തെ നാലെണ്ണം സിസേറിയൻ.
പ്രസവം എന്താ നിർത്താത്തത് എന്ന് ചോദിക്കേണ്ട താമസം, സ്ഥിരം മറുപടി,
‘ആദ്യത്തെ നാലും പെണ്കുട്ടികളാ’ !
ഇത്തവണയും പെണ്ണായാലോ ?
‘ഭർത്താവ് സമ്മതിക്ക്യോ എന്നറിയില്ല’
ഒരു മനസ്സമാധാനത്തിന് എന്റെ സഹപ്രവർത്തക പറ്റുന്ന രീതിയിലൊക്കെ അപകട സാധ്യതകൾ പറഞ്ഞു കൊടുത്തു.
അഞ്ചാമത്തെ പ്രസവം എന്നതല്ല, നാലു പ്രാവശ്യം വയറു കീറി തുന്നിക്കെട്ടിയ ആളാണ് അഞ്ചാമതും വയറു കീറാൻ വന്നു മുന്നിൽ നിൽക്കുന്നത് എന്നതായിരുന്നു ഞങ്ങളെ ആകുലപ്പെടുത്തിയത്.
സിസേറിയൻ ‘വയറ് തുറന്നുള്ള ഒരു ഓപ്പറേഷൻ’ ആണെന്ന് അതിന്റെ വ്യാപ്തിയിൽ മലയാളികൾ എന്നാണാവോ ഉൾക്കൊള്ളുക !
പ്രസവിക്കാനുള്ളൊരു യന്ത്രമായി മാത്രം ഭാര്യമാരെ കാണുന്ന ഒട്ടനവധി ഭർത്താക്കന്മാരെ/വീട്ടുകാരെ ഞാൻ ലേബർ റൂമിനു വെളിയിൽ കണ്ടിട്ടുണ്ട്.
ചില സംഭാഷണ ശകലങ്ങൾ പറയാം…
‘ഇങ്ങള് കുട്ട്യോളെ കുറിച്ച് ആലോചിച്ച് ബേജാറാവണ്ട, ഓൾ പോയാ ഓനെ കൊണ്ട് ഞമ്മള് വേറെ കെട്ടിച്ചോളാം’
‘പ്രസവം നിർത്താൻ ഇങ്ങളൊന്ന് ഭർത്താവിനെക്കൊണ്ട് പറഞ്ഞ് സമ്മതിപ്പിക്കാമോ, ഞാൻ പറഞ്ഞു എന്ന് പറയരുത്, എന്നെക്കൊണ്ട് ഇനി വയ്യ !!’
DIL (death is likely) റിസ്‌ക് എടുത്തു കഴിഞ്ഞതിനു ശേഷം കേൾക്കുന്ന ഒരു സ്ഥിരം ചോദ്യം ഉണ്ട്,
‘ഓൾക്ക് വേറെ കുഴപ്പം ഒന്നുമില്ലല്ലോ ??’
ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാനാ എന്ന് ഞാൻ മനസ്സിൽ ആലോചിക്കും
സ്വന്തം വയറു കീറി ഒരു surgery ചെയുന്നതിനെക്കുറിച് പറഞ്ഞാൽ ടെൻഷൻ അടിച്ചു മരിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഭാര്യയുടെ/മരുമകളുടെ വയറു വീണ്ടും വീണ്ടും കീറിമുറിക്കുന്നതിനെക്കുറിച്ച് ആ ആശങ്ക കാണാറില്ല !!
‘അത് സിസേറിയനല്ലേ’ !!

ഇതിന് പിന്നാലെയാണ് സൗമ്യയുടെ കുറിപ്പ്. ഗർഭിണിയായ യുവതികൾ കുറിപ്പ് വായിക്കരുത് എന്ന ആമുഖത്തോടെയാണ് സൗമ്യ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ :

സി-സെക്ഷൻ എന്നാൽ ഒരു വലിയ സർജറിയാണ്. അതിന് റിസ്‌കുകൾ ഉണ്ട്. എന്റെ എല്ലാ പ്രസവവും സി-സെക്ഷൻ ആയതുകൊണ്ട് എനിക്ക് മൂന്ന് വ്യത്യസ്ത അനുഭവങ്ങളുണ്ട്. 45 മിനിറ്റെടുക്കും സി-സെക്ഷൻ പൂർത്തിയാക്കാൻ. ബിക്കിനി ലൈനിന് താഴെയയി ആറ് ഇഞ്ച് നീളത്തിലാണ് ഓരോ മുറിവും.
ആദ്യ കുട്ടി സനയുണ്ടാകുമ്പോൾ എനിക്ക് 25 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. വിവസ്ത്രയാക്കപ്പെട്ടു എന്നതൊഴിച്ചാൽ എനിക്ക് മറ്റ് ആശങ്കകളൊന്നും ആദ്യ പ്രസവ സമയത്ത് ഉണ്ടായിരുന്നില്ല. ആദ്യ സി-സെക്ഷന് ശേഷം എനിക്ക് ഒരാഴ്ചക്കാലം വേദനയുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് മാഞ്ഞു പോയി.ഇതിന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയായ പീലിയെ ഗർഭം ധരിക്കുന്നത്. ഞാൻ എന്റെ മുപ്പതുകളിലേക്ക് കടക്കുന്ന സമയമായിരുന്നു അത്. മൂന്നാം ട്രൈമെസ്റ്ററിന്റെ സമയത്ത് കടുത്ത ആസ്മയും എനിക്ക് അനുഭവപ്പെട്ടിരുന്നു. പലപ്പോഴും രാത്രി ഉറക്കം നഷ്ടപ്പെട്ട് ശ്വസിക്കാൻ സാധിക്കാതെ ഞാൻ എഴുനേറ്റിരിക്കുമായിരുന്നു. പ്രസവത്തിനായി ലേബർ റൂമിലേക്ക് പോയപ്പോൾ ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ രക്ത സമർദം അപകടകരമായ നിലയിലേക്ക് താഴ്ന്നു…സി-സെക്ഷന് പിന്നാലെ അതികഠിന വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്. യൂട്ട്‌റസ് ചുരുങ്ങുന്നതിന്റെ വേദനയായിരുന്നു അത്. സാധാരണ അടിവയറിൽ ഉണ്ടാകുന്ന വേദനയുടെ അൻപതിരട്ടി വേദന താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നീണ്ട 24 മണിക്കൂർ ഈ വേദന പേറി ജീവിച്ചു…പലപ്പോഴും മരിച്ചുപോകുമോ എന്നുവരെ ഞാൻ സംശയിച്ചു. ഇപ്പോഴും അതെങ്ങനെ അതിജീവിച്ചു എന്നെനിക്ക് അറിയില്ല. മാത്രമല്ല എൻഐസിയുവിലായിരുന്നു പീലിക്ക് മുലപ്പാൽ പിഴിഞ്ഞു നൽകുകയും വേണമായിരുന്നു. ബ്രെസ്റ്റ് പമ്പുകൾ യൂട്രസ് ചുരുങ്ങുന്നതിന്റെ ആക്കം വർധിപ്പിക്കുകയും ചയ്തിരുന്നു.അടുത്ത വർഷം ഞാൻ വീണ്ടും ഗർഭിണിയായി. ഇത്തവണയും കടുത്ത ആസ്മയുണ്ടായി. മൂന്ന് തവണ നെബിലൈസ് ചെയ്തു. മൂന്നാം തവണയും സി-സെക്ഷനായിരുന്നു. ഇത്തവണ അമിതമായി ഭാരം ഉണ്ടായിരുന്നതിനാൽ നട്ടെല്ലിൽ അനസ്തീഷ്യ നൽകാൻ കഴിഞ്ഞില്ല. അങ്ങനെ പൂർണമായും മയക്കി കിടത്തി. മൂന്ന് മണിക്കൂരിന് ശേഷം ഭർത്താവ് ആര്യൻ ഒരു പെൺകുട്ടി പിറന്നിരിക്കുന്നു എന്ന് ചെവിയിൽ മന്ത്രിച്ചപ്പോഴാണ് ഞാൻ കണ്ണു തുറക്കുന്നത്. എട്ട് ദിവസമാണ് മൂന്നാമത്തെ കുട്ടിയായ കനി എൻഐസിയുവിൽ കിടന്നത്. ഇത്തവണ യൂട്രസ് കോൺട്രാക്ഷൻ ഉണ്ടായിരുന്നില്ല. പിന്തുണ നൽകി ഭർത്താവ് ആര്യൻ കൂടെ തന്നെ ഉണ്ടായിരുന്നത് ആശ്വാസമേകി.എന്നാൽ മറ്റൊരു പ്രസവത്തിന് എന്നെ കൊണ്ട് സാധിക്കില്ലെന്ന് മനസിലായി. ഓരോ പ്രസവും എന്നിലുണ്ടാക്കിയ പ്രശ്‌നങ്ങൾ കണ്ട ആര്യനും ഇനിയൊരു പ്രസവം വേണ്ടെന്ന് തീരുമാനിച്ചു.ഞാൻ അനുഭവിച്ച ഈ സങ്കീർണതകൾക്ക് പുറമെ മറ്റ് സ്ത്രീകൾ ഇതിലും വലിയ അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ചിലർക്ക് അമിത രക്തസ്രാവം, അണുബാധ, ശസ്ത്രക്രിയയെ തുടർന്നുള്ള മുറിവുകൾ, എന്തിനേറെ ഹൃദയാഘാതം പോലും സംഭവിക്കാം.ഗർഭം, പ്രസവം, കുഞ്ഞ് പിറന്നതിന് ശേഷമുള്ള മാനസികാസ്വാസ്ഥ്യങ്ങൾ എന്നിവ ഭർത്താവോ വീട്ടുകാരോ അനുഭവിക്കുന്നില്ല എന്നു കരുതി അവർക്ക് പെൺകുട്ടിയോട് അനുകമ്പയോ സിംപതിയോ തോന്നാതിരിക്കുന്നതിന് കാരണമാകുന്നില്ല. ചില പുരുഷന്മാർ കുട്ടികളെ പരിപാലിക്കുന്നതിൽ നിന്ന് പോലും വിട്ടു നിൽക്കാറുണ്ട്. കുഞ്ഞ് പിറക്കുക എന്നത് സ്ത്രീകൾ തീരുമാനിക്കേണ്ട കാര്യമാണ്. ഒരിക്കലും, ഒരാൾക്കും, ഭർത്താവിന് പോലും സ്ത്രീയെ ഇതിനായി നിർബന്ധിക്കാൻ അവകാശമില്ല. ആ വേദനകളിലൂടെ കടന്നുപോകാൻ താത്പര്യമില്ലാത്ത ഒരാളെ എങ്ങനെയാണ് അതിനായി നിർബന്ധിക്കാൻ കഴിയുക ?ഒരു കുഞ്ഞ് എന്നത് എല്ലാവർക്കും അത്ഭുതമാണ് എന്നാൽ അത് ഒരു അമ്മയുടെ ജീവൻ എടുത്തുകൊണ്ടാകരുത്.

pathram desk 1:
Leave a Comment