ജലീലിന്റെ ‘ചട്ട’മില്ലാത്ത പോക്ക്; പാര്‍ട്ടിയില്‍ അതൃപ്തി

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീല്‍ ചട്ടങ്ങള്‍ മറികടന്ന് യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ഇടപാടുകള്‍ വിവാദമായതില്‍ സിപിഎമ്മിനുള്ളില്‍ അതൃപ്തി. സിപിഐ നേതൃത്വവും ജലീല്‍ വിഷയത്തിലുള്ള അതൃപ്തി സിപിഎം നേതൃത്വത്തെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റുമായി ജലീല്‍ നടത്തിയ ഇടപാടുകള്‍ പിണറായി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന തരത്തിലാണ് എല്‍ഡിഎഫിനുള്ളിലെ ചര്‍ച്ചകള്‍.

തിരഞ്ഞെടുപ്പ് അടുത്തപ്പോഴുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നും തുടര്‍ഭരണമെന്ന പ്രതീക്ഷയ്ക്കു മങ്ങലേറ്റതായും നേതൃത്വം കരുതുന്നു. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ നിയന്ത്രിക്കുന്നതില്‍ ഉണ്ടായ വീഴ്ചയും സര്‍ക്കാരിനു തിരിച്ചടിയായതായി വിലയിരുത്തലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ പാകത്തില്‍ വിവാദങ്ങള്‍ രൂപപ്പെടാതെ നോക്കണമായിരുന്നു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

നേരത്തെ ആരോപണമുയര്‍ന്ന ഘട്ടങ്ങളില്‍ ജലീലിനെ മുന്നണി നേതൃത്വം നിയന്ത്രിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരുമുണ്ട്. വകുപ്പ് മേധാവിമാര്‍ വിദേശ എംബസികളുമായി നേരിട്ട് ഇടപെടുന്നതു വിലക്കി സംസ്ഥാന സര്‍ക്കാര്‍ തന്നെ ഉത്തരവ് ഇറക്കിയിട്ടും അതു മറികടന്ന് ജലീലിന്റെ നിയന്ത്രണത്തിലുള്ള വകുപ്പ് യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് ഇടപെടുകയായിരുന്നു.

മന്ത്രിമാര്‍ക്ക് കോണ്‍സുലേറ്റുമായി ഇടപെടുന്നതിനു നിയന്ത്രണങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ ജലീല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപേരില്‍ സഹായങ്ങള്‍ കൈപ്പറ്റി. സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയുടെ സഹായത്തോടെ സഹായങ്ങള്‍ സ്വീകരിച്ചതും മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതും പൊതുസമൂഹത്തില്‍ വിശദീകരിക്കാന്‍ പ്രയാസമാണെന്നു നേതൃത്വം പറയുന്നു.

ജലീലിനെതിരെ മുന്‍പ് ആരോപണങ്ങളുയര്‍ന്നപ്പോഴെല്ലാം സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്. ജലീലിന്റെ ബന്ധു കെ.ടി.അബീദിനെ സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതു പ്രതിപക്ഷം രാഷ്ട്രീയ വിവാദമാക്കിയിരുന്നു. ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കുനേരെയും മുഖ്യമന്ത്രി കണ്ണടയ്ക്കുന്നതില്‍ നേതൃത്വത്തില്‍ ഒരു വിഭാഗത്തിനു അതൃപ്തിയുണ്ട്.

അതു തുറന്നു പറയാന്‍ കഴിയുന്നില്ലെന്നു മാത്രം.മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണെന്നും നേതാക്കളുടെ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്താന്‍ അനുവദിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പ്രവര്‍ത്തനങ്ങളിലടക്കം സമഗ്രമായ മാറ്റമാണ് എല്‍ഡിഎഫ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.

pathram desk 1:
Related Post
Leave a Comment