ചെന്നൈ: കോവിഡ് ബാധിച്ച് ആരോഗ്യനില ഗുരുതരമായ ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് എക്‌മോ (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) ചികില്‍സ ആരംഭിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണിത്. രക്തത്തിന്റെ കൃത്യമായ പമ്പിങ് നടക്കുന്നതിനാല്‍ ഓക്‌സിജന്റെ അളവു ക്രമാതീതമായി കുറയുന്നത് ഒഴിവാക്കാനാകും. ഹൃദയത്തിനും, ശ്വാസകോശത്തിനും വിശ്രമവും ലഭിക്കും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയില്‍ ഇതേ ചികില്‍സ നല്‍കിയിരുന്നു.
എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നും വെന്റിലേറ്റര്‍ സഹായം തുടരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള ആരോഗ്യ സൂചികകള്‍ തൃപ്തികരമാണെന്ന് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.അനുരാധ ഭാസ്‌കരന്‍ അറിയിച്ചു. നേരത്തേ പ്ലാസ്മ ചികില്‍സയും നല്‍കിയിരുന്നു.
അതിനിടെ, പ്രിയഗായകന്റെ ആരോഗ്യത്തിനായി സംഗീത സംവിധായകന്‍ ഇളയരാജ, സംവിധായകന്‍ ഭാരതീരാജ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നു ലോകവ്യാപകമായി കൂട്ട പ്രാര്‍ഥന നടത്തും. വൈകിട്ട് 6ന് എസ്പിബിയുടെ പാട്ടുകള്‍ വച്ചു പ്രാര്‍ഥനയില്‍ പങ്കുചേരണമെന്ന് ഇളയരാജ അഭ്യര്‍ഥിച്ചു
Leave a Comment