സ്വര്‍ണക്കടത്ത്: പ്രതികള്‍ പരസ്പരം ചതിച്ചു; പുറത്തറിഞ്ഞത് അന്വേഷണത്തിനിടെ

കൊച്ചി: സ്വര്‍ണക്കടത്ത് പ്രതികളെ ചോദ്യം ചെയ്ത മൂന്ന് അന്വേഷണ ഏജന്‍സികള്‍ക്കും മനസിലാവുന്നത് പ്രതികള്‍ പരസ്പരം പറ്റിച്ചിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്വപ്നയും സരിത്തും ചേര്‍ന്ന് സന്ദീപിനെയും റമീസിനെയും കോണ്‍സുലേറ്റിനെയും പറ്റിച്ചപ്പോള്‍ റമീസ് എല്ലാവരെയും പറ്റിച്ചതാണ് തെളിഞ്ഞത്. അന്വേഷണസംഘങ്ങളുടെ ചോദ്യം ചെയ്യലില്‍ മാത്രമാണ് പരസ്പരം ചതിക്കപ്പെടുകയായിരുന്നുവെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞത്.

കള്ളക്കടത്ത് സ്വർണത്തിന്റെ തൂക്കം കുറച്ചുപറഞ്ഞാണ് റമീസ് എല്ലാവരെയും പറ്റിച്ചത്. 10 കിലോ കൊണ്ടുവരുമ്പോൾ അഞ്ചു കിലോ ഗ്രാം എന്നേ പറയാറുള്ളൂ. റമീസ് പറഞ്ഞിരുന്നതാണ് മറ്റു മൂന്നുപേരും വിശ്വസിച്ചിരുന്നത്. ഇതിനിടെ, കോവിഡ് വ്യാപനത്തിനിടെ കോൺസുൽ ജനറൽ യു.എ.ഇയിലേക്ക് തിരികെപ്പോയി. പകരം ചുമതലയുണ്ടായിരുന്ന അറ്റാഷെയോട് ‘ഡ്യൂട്ടി ഫ്രീ’ സാധനങ്ങൾ എത്തിക്കുന്നുണ്ട്, കുറച്ച് ലാഭം കിട്ടും എന്ന് സ്വപ്ന പറഞ്ഞുവെന്നാണ് മൊഴി. അറ്റാഷെയ്ക്ക് ഒരു തവണ കടത്താൻ 1500 ഡോളർ കൊടുക്കാമെന്നും സമ്മതിച്ചു. സ്വർണക്കടത്ത് സംഘം 21-ാം തവണ കടത്തിയപ്പോഴാണ് പിടിയിലാകുന്നത്.

സ്വർണക്കടത്തിന് സഹായിക്കുന്നവർക്കെല്ലാം കൃത്യമായ കമ്മിഷൻ സൂത്രധാരനായ കെ.ടി. റമീസ് നൽകിയിരുന്നു. കിലോയ്ക്ക് ആയിരം ഡോളറാണ് നിശ്ചയിച്ചത്. കോൺസുൽ ജനറലിന് ഈ കമ്മിഷൻ കൊടുക്കണമെന്നാണ് സ്വപ്നയും സരിത്തും റമീസിനോടു പറഞ്ഞത്. സ്വപ്നയ്ക്കും സന്ദീപിനും സരിത്തിനും ചേർത്ത് ഒരു തവണ കടത്തുമ്പോൾ അര ലക്ഷം രൂപ വേറെയും നൽകുമായിരുന്നു.

ഇതു പോരെന്ന് മൂവരും പറഞ്ഞപ്പോൾ കോൺസുൽ ജനറലിനോട് സ്വർണത്തിന്റെ തൂക്കം കുറച്ചുപറഞ്ഞ് ബാക്കി കമ്മിഷൻ പങ്കിട്ടെടുക്കാനാണ് റമീസ് ഉപദേശിച്ചത്. കോൺസുലേറ്റ് അറിയാതെ കമ്മിഷൻ മുഴുവൻ സ്വപ്നയും സരിത്തും എടുത്തതാണോ എന്നും സംശയമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7