ടിക്ടോക്കിനു ശേഷം ആലിബാബയുടെ പിന്നാലെ ട്രംപ്

വാഷിങ്ടൻ: ജനപ്രിയ വിഡിയോ ആപ്പായ ടിക് ടോക്കിനു പിന്നാലെ മറ്റൊരു ചൈനീസ് കമ്പനി ആലിബാബയെയും നിരോധിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുടെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികൾ‌ക്കെതിരെയും നടപടിയുണ്ടാകുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘തീർച്ചയായും, ഞങ്ങൾ മറ്റു കാര്യങ്ങളും നോക്കുകയാണ്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ടെക് ഭീമനായ ആലിബാബ, ഇ–കൊമേഴ്സ്, റീട്ടെയിൽ, ഇന്റർനെറ്റ് മേഖലകളിലാണ് സ്പെഷലൈസ് ചെയ്തിട്ടുള്ളത്. ദേശസുരക്ഷയ്ക്കും വിദേശനയത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്റെയും വീചാറ്റിന്റെയും ഉടമകളായ ബൈറ്റ്ഡാൻസുമായുള്ള എല്ലാതരം ഇടപാടുകളും നിർത്താൻ കഴിഞ്ഞയാഴ്ച ട്രംപ് ഉത്തരവിറക്കിയിരുന്നു. യുഎസിൽ ടിക് ടോക്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ബൈറ്റ്ഡാൻസിന് 90 ദിവസത്തെ സമയം നൽകി എക്സിക്യുട്ടീവ് ഉത്തരവും ട്രംപ് പുറപ്പെടുവിച്ചു.

യുഎസിലെ ടിക് ടോക് ഉപയോക്താക്കളിൽനിന്നു ലഭിച്ച ഡേറ്റ കൈവശമുണ്ടെങ്കിൽ ഒഴിവാക്കാനും ബൈറ്റ്ഡാൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ് ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് ഭരണകൂടത്തിനു ലഭിക്കുന്നുണ്ടെന്നാണ് ആരോപണം. ഇതിനിടെ, ടിക്ടോക്കിന്റെ എതിരാളിയായ ട്രില്ലറിൽ (Triller) ട്രംപിന് വെരിഫൈഡ് അക്കൗണ്ട് ലഭിച്ചു.

ടിക്ടോക്കിനോടുള്ള വൈറ്റ് ഹൗസിന്റെ അസംതൃപ്തിയുടെ ലക്ഷണമായാണ് ട്രംപിന്റെ ട്രില്ലർ അക്കൗണ്ടിനെ കണക്കാക്കുന്നത്. ടിക്ടോക്കിന് ബദലായുള്ള നിരവധി ആപ്പുകളിലൊന്നാണു ട്രില്ലർ. യുഎസിലെ കൗമാരക്കാരും ചെറുപ്പക്കാരും ഏറ്റവുമധികം ഉപയോഗിക്കുന്ന ടിക്ടോക്കിന് ഇവിടെ മാത്രം 100 ദശലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular