ഒരേയൊരു സിനിമയുടെ ലൊക്കേഷനില്‍ വച്ച് മാത്രമേ ഞാന്‍ കരഞ്ഞിട്ടുള്ളൂ, അത് മണിരത്‌നം സംവിധാനം ചെയ്ത ‘ദളപതി’യുടെ ചിത്രീകരണത്തിനിടെയാണ്.’ പറയുന്നത് മലയാളത്തിന്റെ പ്രിയ നായിക ശോഭനയാണ്. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഈ മറക്കാനാവാത്ത അനുഭവം പങ്കു വച്ചത്.
”മുതുമലയില്‍ ‘ദളപതി’ ചിത്രീകരണ സമയത്ത് ഞാന്‍ രണ്ടു മലയാള സിനിമകള്‍ ചെയ്തു പൂര്‍ത്തിയാക്കിയിരുന്നു. അന്നൊക്കെ ഇരുപതു ദിവസം കൊണ്ട് ഒരു മലയാളം സിനിമ ഷൂട്ടിംഗ് തീരും. അവിടെ നിന്നും നേരെ ഞാന്‍ ‘ദളപതി’ ലോക്കേഷനിലേക്ക് പോവുകയായിരുന്നു. മമ്മൂക്ക, രജനി സര്‍ എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. എന്റെ സീനുകള്‍ വളരെക്കുറച്ചേയുള്ളൂ ആ സിനിമയില്‍. അത് തീര്‍ത്തു വീട്ടില്‍ പോകണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ കോടികള്‍ റിസ്‌ക് എടുത്തു തയ്യാറാക്കിയ വലിയ സിനിമ ആയതിനാല്‍ ഷൂട്ടിംഗ് വിചാരിച്ച വേഗത്തില്‍ തീര്‍ന്നിരുന്നില്ല. കാള്‍ഷീറ്റൊക്കെ കഴിഞ്ഞു എങ്കിലും ‘ഇന്ന് പോകാം, നാളെ പോകാം’ എന്നൊക്കെ പറഞ്ഞു എന്നും നീണ്ടു പോയിരുന്നു.
ഒടുവില്‍ പോകാനായുള്ള ദിവസം നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷേ അന്ന് തീരേണ്ട ഒരു സീന്‍ മാത്രം വീണ്ടും ബാക്കിയായി. മണി സര്‍ വന്നു അതും കൂടി തീര്‍ത്തിട്ട് പോകാം എന്ന് പറഞ്ഞു. എനിക്ക് കരച്ചിലടക്കാനായില്ല. അടുത്ത് വേറെ ആരും ഇല്ല എന്ന് ഞാന്‍ കരുതി, പക്ഷേ മമ്മൂക്ക അത് കണ്ടു. ‘അയ്യോ എന്താണ് ഇങ്ങനെ കരയുന്നത്?’ എന്ന് ചോദിച്ചു. ‘വീട്ടില്‍ പോയിട്ട് കുറേ നാള്‍ ആയി എന്നും അമ്മയെ കാണണം’ എന്നുമൊക്കെ ഞാന്‍ പറഞ്ഞു. ‘ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത്… വേഗം വീട്ടിലേക്ക് പോകാമല്ലോ,’ എന്നൊക്കെ അദ്ദേഹം സമാധാനം പറഞ്ഞു. അന്നെനിക്ക് ഇരുപത് വയസ്സേയുള്ളൂ,” ശോഭന ഓര്‍ത്തു.
മമ്മൂട്ടി-രജനികാന്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘ദളപതി’ മഹാഭാരതത്തിലെ ദുര്യോധനന്‍-കര്‍ണ്ണന്‍ എന്നിവരുടെ കഥയെ അവലബിച്ചുള്ളതായിരുന്നു. 1991 ല്‍ റിലീസ് ചെയ്ത ‘ദളപതി’യില്‍ സുബ്ബലക്ഷ്മി എന്ന ദ്രൗപദിയുമായി സമാനതകളുള്ള കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ ‘യമുനൈ ആറ്റിലെ’ എന്ന ശോഭന അഭിനയിച്ച ഗാനരംഗം ഏറെ ശ്രദ്ധേയമായിരുന്നു. സന്തോഷ് ശിവനായിരുന്നു ചിത്രത്തിന്റെ ക്യാമറാമാന്‍.