ധോണിയെ കാത്തിരിക്കുന്നത് ഈ അമേരിക്കൻ സൂപ്പർതാരം: വിഡിയോ

റാഞ്ചിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ഐതിഹാസിക മാനമുള്ള താരം പലപ്പോഴും വ്യത്യസ്ത തീരുമാനങ്ങളെടുത്തും ധോണി ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇന്നുവരെ നാം കണ്ടുശീലിച്ച ക്രിക്കറ്റ് കളിക്കാരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഈ ക്യാപ്റ്റൻ കൂൾ. അത് ധോണിയുടെ വാഹന പ്രേമത്തിലും കാണാം. മറ്റുതാരങ്ങൾ പുതിയ വാഹനങ്ങൾ സ്വന്തമാക്കുമ്പോൾ അപൂർവ്വമായി ലഭിക്കുന്ന വിന്റേജ് വാഹനങ്ങളിലൂടെയാണ് താരം വാർത്തകളിൽ നിറയാറ്.

യമഹ ആർഡി 350യും ഹെൽക്യാറ്റും, നിസാൻ വൺ ടൺ, ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ഹോക് തുടങ്ങി അപൂർവ്വമായ വാഹനങ്ങളുടെ നീണ്ട നിരതന്നെയുണ്ട് ധോണിയുടെ ഗ്യാരേജിൽ. വിരമിക്കൽ പ്രഖ്യാപിച്ച ധോണിയെ വീട്ടിൽ കാത്തിരിക്കുന്ന വിന്റേജ് കാറാണ് ഇപ്പോൾ വാഹനലോകത്തെ ചർച്ച. അമേരിക്കൻ മസിൽകാറായ പോണിയാക് ഫയർബേർഡ് ട്രാൻസാമാണ് ധോണിയുടെ ഏറ്റവും പുതിയ വാഹനം.

ജനറൽ മോട്ടോഴ്സിന്റെ കീഴിലുള്ള വാഹന നിർമാതാക്കളാണ് പോണിയാക്. മസിൽ കാറുകളുടെ യുഗത്തിൽ ഫോഡ് മസ്താങിനോടും മെർക്കുറിയോടുമെല്ലാം മത്സരിച്ചിരുന്ന ഈ വാഹനത്തെ അമേരിക്കൻ ക്ലാസിക് കാറുകളുടെ ഗണത്തിലാണ് പെടുത്തുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് പുതിയ വാഹനത്തിന്റെ വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വി8 എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ലഫ്റ്റ് ഹാൻഡ് ഡ്രൈവാണ് കാർ. എത്ര രൂപയ്ക്കാണ് ധോണി ഈ വാഹനം സ്വന്തമാക്കിയത് എന്നത് വ്യക്തമല്ല.

pathram desk 1:
Related Post
Leave a Comment