ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കോ? അമിത് ഷാ നല്‍കുന്ന സൂചന; ആശംസകളും നന്ദിയും നേര്‍ന്ന് പ്രമുഖര്‍…

ന്യൂഡൽഹി: മഹേന്ദ്രസിങ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ താരത്തിന് നന്ദിയറിയിച്ചും ആശംസകൾ നേർന്നും രാജ്യം. സച്ചിൻ തെൻഡുൽക്കറും വിരാട് കോലിയും ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾക്കു പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരും സിനിമാ താരങ്ങളും ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രസ്താവനകളുമായി രംഗത്തെത്തി. ധോണിക്കു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച സുരേഷ് റെയ്നയ്ക്കും ആശംസകൾ നേർന്ന് രാജ്യമൊന്നാകെ രംഗത്തുണ്ട്.

ശനിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് ധോണിയും പിന്നാലെ സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി 7:29 മുതൽ താൻ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ കുറിപ്പ്. തന്റെ ക്യാപ്റ്റൻ കൂടിയായ ധോണിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊട്ടുപിന്നാലെ റെയ്നയും വിരമിക്കുന്നതായി അറിയിച്ചു.

‘എം.എസ്. ധോണി, ഇന്ത്യൻ ക്രിക്കറ്റിന് താങ്കൾ നൽകിയ സംഭാവനകൾ അതുല്യമാണ്. 2011ലെ ഏകദിന ലോകകപ്പ് താങ്കൾക്കൊപ്പം നേടാനായത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷമാണ്. ജീവിതത്തിലെ രണ്ടാം ഇന്നിങ്സിൽ താങ്കൾക്കും കുടുംബത്തിനും എല്ലാ ആശംസകളും’ – സച്ചിൻ കുറിച്ചു.

‘എല്ലാ ക്രിക്കറ്റ് താരങ്ങളും അവരുടെ യാത്ര ഒരു ദിവസം അവസാനിപ്പിച്ചേ തീരൂ. പക്ഷേ, അടുത്തറിയാവുന്ന ഒരാൾ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന വികാരം പറഞ്ഞറിയിക്കാനാകാത്തതാണ്. ഈ രാജ്യത്തിനായി താങ്കൾ ചെയ്തതെല്ലാം എക്കാലവും എല്ലാവരുടെയും മനസ്സിലുണ്ടാകും’ – ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി കുറിച്ചു.

‘ഇത് ഒരു യുഗത്തിന്റെ അന്ത്യമാണ്. ഇന്ത്യയ്ക്കും ലോക ക്രിക്കറ്റിനും എന്തൊരു താരമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃമികവ് സമാനതകളില്ലാത്തതാണ്. പ്രത്യേകിച്ചും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ. ഏകദിനത്തിലെ തുടക്ക കാലത്ത് അദ്ദേഹം ബാറ്റിങ്ങിൽ പ്രകടിപ്പിച്ചിരുന്ന ആത്മവിശ്വാസമാണ് ലോകം ആദ്യം ശ്രദ്ധിച്ചത്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. ഇനി ഇന്ത്യൻ ജഴ്സിയണിയുന്ന വിക്കറ്റ് കീപ്പർമാർക്കായി അദ്ദേഹം ഒരു നിലവാരം നിശ്ചയിച്ചിട്ടുണ്ട്. യാതൊരു ഖേദവും കൂടാതെയാണ് ധോണി വിരമിക്കുന്നതെന്ന് എനിക്ക് തീർച്ചയുണ്ട്. അതുല്യമായൊരു കരിയറായിരുന്നു. ധോണിക്ക് എല്ലാ ആശംസകളും’ – ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കുറിച്ചു.

‘തന്റെ പ്രത്യേക ശൈലിയിലൂടെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് ധോണി. ഭാവിയിലും ഇന്ത്യൻ ക്രിക്കറ്റിനെ ശാക്തീകരിക്കാൻ ധോണി മുന്നിലുണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാ ഭാവി പരിപാടികൾക്കും ആശംസകൾ. മഹി, ആ ഹെലികോപ്റ്റർ ഷോട്ടുകൾ ലോകം മിസ്സ് ചെയ്യും’ – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7